വേനൽമഴ കനത്തു: മൂവാറ്റുപുഴ നഗരത്തിൽ വെള്ളക്കെട്ട്
1423403
Sunday, May 19, 2024 4:55 AM IST
മൂവാറ്റുപുഴ: വേനൽമഴ കനത്തതോടെ മൂവാറ്റുപുഴ നഗരത്തിൽ വെള്ളക്കെട്ട് രൂക്ഷം. നഗരത്തിൽ ഇന്നലെ വൈകുന്നേരം പെയ്ത ശക്തമായ മഴയാണ് വെള്ളക്കെട്ടിന് ഇടയാക്കിയത്. മൂവാറ്റുപുഴ പോലീസ് സ്റ്റേഷന് മുന്നിലെ കാവുംപടി റോഡിൽ രൂപപ്പെട്ട വെള്ളക്കെട്ടിലൂടെ കാറുകൾക്കും ഇരുചക്ര വാഹനങ്ങൾക്കുമടക്കം കടന്നുപോകാൻ കഴിയാത്ത അവസ്ഥയായിരുന്നു. റോഡിന്റെ ഇരുവശങ്ങളിലുമായുള്ള ഓടകളിൽ വെള്ളം നിറഞ്ഞതോടെയാണ് പ്രദേശത്ത് വെള്ളക്കെട്ട് രൂപപ്പെട്ടത്.
റോഡിൽ വെള്ളം നിറഞ്ഞതോടെ ഓടയും റോഡും ഏതാണെന്ന് വാഹനയാത്രക്കാർക്ക് തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയായി. റോഡിന്റെ ഇടതുവശത്തായുള്ള ഓടയിൽ വെള്ളം നിറയുന്നതോടെ വാഹനങ്ങൾ ഓടയിൽ താഴുന്നതും ഇവിടെ പതിവാണ്. വേഗത്തിൽ വാഹനങ്ങൾ കടന്നുപോകുന്പോൾ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളം കയറുന്നുവെന്നാണ് വ്യാപാരികളുടെ പരാതി. രണ്ടു മണിക്കൂറോളം മഴ തുടർന്നതോടെ നഗരത്തിലെ എംസി റോഡിലും, കച്ചേരിത്താഴത്തുമടക്കം പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു.
കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ കാന നിർമാണം നടക്കുന്ന റോഡിന്റെ ഇരുവശങ്ങളിലും വേണ്ടത്ര സുരക്ഷ ക്രമീകരണങ്ങളോ മുൻ ഒരുക്കങ്ങളോ നടത്താതെയാണ് നിർമ്മാണം പുരോഗിക്കുന്നത്.
ദിനംപ്രതി നൂറു കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പാതയിൽ മഴയെ തുടർന്ന് കാനയിൽ വെള്ളം നിറയുന്നതും അപകടസാധ്യത വർധിപ്പിക്കുന്നു. ശക്തമായ മഴയും വെള്ളക്കെട്ടും മൂലം നഗരത്തിൽ വൻ ഗതാഗതക്കുരുക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. വരും ദിവസങ്ങളിൽ മഴ ശക്തിപ്രാപിച്ചാൽ നഗരത്തിൽ ഗതാഗതക്കുരുക്കും രൂക്ഷമാകും.