വൻമരം റോഡിലേക്ക് കടപുഴകി വീണു, രണ്ടുമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു
1423404
Sunday, May 19, 2024 4:55 AM IST
കോതമംഗലം: വേനൽ മഴക്കൊപ്പമുണ്ടായ കാറ്റിൽ വൻമരം റോഡിലേക്ക് കടപുഴകി വീണ് ദേശീയപാതയിൽ രണ്ട് മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. നേര്യമംഗലം സർക്കാർ ആശുപത്രിക്ക് സമീപത്താണ് വനമേഖലയിൽ നിന്നുള്ള വലിയമരം റോഡിലേക്ക് പതിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.15 ഓടെയാണ് സംഭവം. മരം വീണതിന് ഇരുവശത്തുമായി ബസുകളടക്കം നിരവധി വാഹനങ്ങൾ കുടുങ്ങി.
ദേശീയ പാതയിലുണ്ടായ ഗതാഗതക്കുരുക്ക് ഇടുക്കി റോഡിലെ ഗതാഗതത്തേയും ബാധിച്ചു. വാഹനങ്ങൾ പിന്നീട് ആവോലിച്ചാൽ റോഡ് വഴി തിരിച്ചുവിട്ടു. പോലീസ് എത്താൻ വൈകിയതും ഗതാഗത തടസം രൂക്ഷമാകാൻ കാരണമായന്ന് നാട്ടുകാർ പറഞ്ഞു. കോതമംഗലത്ത് നിന്ന് അഗ്നി ശമന രക്ഷാസേനയെത്തി മരം മുറിച്ച് ക്രെയിന്റെ സഹായത്തോടെ നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.