കോൺഗ്രസ് സമരം അപഹാസ്യമെന്ന് സിപിഎം
1423745
Monday, May 20, 2024 4:49 AM IST
മുവാറ്റുപുഴ: സ്വന്തം കഴിവുകേട് മറയ്ക്കാൻ സിപിഎമ്മിന് എതിരേ വികലമായ ആരോപണങ്ങളുമായി മാത്യു കുഴൽനാടൻ എംഎൽഎയുടെ നേതൃത്വത്തിൽ കോൺഗ്രസ് സമരത്തിനിറങ്ങുന്നത് അപഹാസ്യമാണെന്ന് സിപിഎം ഏരിയ സെക്രട്ടറി കെ.പി. രാമചന്ദ്രൻ.
നഗരവികസനം ഉദ്ഘാടനം ചെയ്തിട്ട് ഒരു വർഷത്തിലേറെയായി. സ്ഥലം ഏറ്റെടുക്കുന്നതിന് മുഴുവൻ പണവും അനുവദിച്ച് വർക്ക് ടെണ്ടർ ചെയ്തത് കോൺട്രാക്ടറുമായി കരാറിൽ ഏർപ്പെട്ട ശേഷമാണ് ഉദ്ഘാടനം നടന്നത്.
തൊട്ടടുത്ത ദിവസം തന്നെ നിർമാണം ആരംഭിക്കുകയും ചെയ്തു. എന്നാൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നിർമാണ പ്രവർത്തി മുന്നോട്ടുകൊണ്ടുപോകാൻ ആവശ്യമായ തുടർച്ചയായ ഇടപെടൽ നടത്താൻ മാത്യു കുഴൽനാടൻ എംഎൽഎ സമയം കണ്ടെത്താത്തത് മൂലം ഇഴഞ്ഞുനീങ്ങിയ നിർമാണം ഒടുവിൽ കരാറുകാരൻ ഉപേക്ഷിക്കുകയാണുണ്ടായതെന്നും ഏരിയ സെക്രട്ടറി ആരോപിച്ചു.