രാജ്യാന്തര മയക്കുമരുന്ന് കടത്ത്: ക്യാപ്റ്റൻ ബംഗളൂരുവിൽ പിടിയിൽ
1423747
Monday, May 20, 2024 4:49 AM IST
നെടുമ്പാശേരി: രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാളെ ബംഗളൂരുവിൽ നിന്ന് പോലീസ് പിടികൂടി. കോംഗോ സ്വദേശി റെംഗാര പോളി(29)നെയാണ് മടിവാളയിൽ നിന്ന് എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ബംഗളൂരു മൈക്കോ പോലീസിന്റെ സഹകരണത്തോടെയായിരുന്നു അറസ്റ്റ്.
ബംഗളൂരുവിൽ നിന്ന് ടൂറിസ്റ്റ് ബസിൽ രാസലഹരി കടത്തുന്നതിനിടെ കഴിഞ്ഞ മാസം 200 ഗ്രാം എംഡിഎംഎയുമായി വിപിൻ എന്നയാളെ അങ്കമാലിയിൽ വച്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് കോംഗോ സ്വദേശിയിലേക്കെത്തിയത്.
മയക്കുമരുന്ന് സംഘങ്ങൾക്കിടയിൽ ക്യാപ്റ്റൻ എന്നറിയപ്പെടുന്ന ഇയാൾ 2014ലാണ് സ്റ്റുഡന്റ് വിസയിൽ ബംഗളൂരുവിലെത്തിയത്. തുടർന്ന് അവിടെ മയക്കുമരുന്ന് വില്പനയും രാസലഹരി നിർമാണവും ആരംഭിച്ചു. ഇതോടെ കുക്ക് എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.
കേരളത്തിലേക്കെത്തിക്കുന്ന രാസലഹരിയിൽ ഭൂരിഭാഗവും ഇയാളുടെ സംഘം വഴിയാണെന്നാണ് കരുതുന്നത്. കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്നാണ് സംഘം വില്പന നടത്തിയിട്ടുള്ളത്. ഫോൺ വഴി ഇയാളുമായി ബന്ധപ്പെടാനാകില്ല.
ഗൂഗിൾ പേ വഴി തുക അയച്ചു കൊടുത്താൽ ലഹരിമരുന്ന് ആളില്ലാത്ത സ്ഥലത്ത് വച്ചിട്ട് ലൊക്കേഷൻ മാപ്പ് അയച്ചുകൊടുക്കും. ഇതാണ് ഇയാളുടെ രീതി. ബംഗളൂരു പോലീസിന്റെ സഹായത്തോടെ കേരള പോലീസ് ദിവസങ്ങളോളം പലയിടങ്ങളിൽ തമ്പടിച്ച് നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് പ്രതിയെ കസ്റ്റഡിലെടുത്തത്.
ഡിവൈഎസ്പി എ. പ്രസാദ്, എഎസ്പി ട്രെയിനി അഞ്ജലി ഭാവന, ഇൻസ്പെക്ടർ പി.ലാൽ കുമാർ, എസ്ഐ എൻ.എസ്. റോയി, സീനിയർ സിപിഒമാരായ എം.ആർ. മിഥുൻ, കെ.ആർ. മഹേഷ്, സിപിഒമാരായ അജിതാ തിലകൻ, എബി സുരേന്ദ്രൻ, ഡാൻസാഫ് ടീം തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ഓപ്പറേഷൻ ക്ലീനിന്റെ ഭാഗമായി കഴിഞ്ഞ ആറു മാസത്തിനിടെ 745 എൻഡിപിഎസ് കേസുകളാണ് റൂറൽ ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.