അതിജീവിതകളെ അപമാനിക്കുന്ന തരത്തിൽ വാർത്തകൾ നൽകരുത്: പി. സതീദേവി
1423394
Sunday, May 19, 2024 4:44 AM IST
പറവൂർ: അതിജീവിതകളെ അപമാനിക്കുന്ന തരത്തിൽ വാർത്തകൾ നൽകുന്നത് അവരുടെ ഭാവി ജീവിതത്തെ ദോഷകരമായി ബാധിക്കുമെന്നതിനാൽ മാധ്യമങ്ങൾ ശ്രദ്ധിക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി. അതിജീവിതകൾക്ക് പരിരക്ഷയും ആത്മവിശ്വാസവും നൽകാൻ പൊതുസമൂഹം തയാറാകണം.
പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ ഇരയായ യുവതിയെ പറവൂരിലെ വസതിയിൽ പി. സതീദേവി സന്ദർശിച്ചു. അതിജീവിതകൾക്ക് സംരക്ഷണം നൽകുന്നതിന് പകരം മാനസികമായി തളർത്തി ജീവിതം തകർക്കുന്ന അവസ്ഥ ഉണ്ടാകരുത്. പൊതു സമൂഹത്തിന്റെ ജാഗ്രത ഇക്കാര്യത്തിൽ പ്രധാനമാണ്.
പോലീസിനെയും നിയമ സംവിധാനങ്ങളെയും വെട്ടിച്ച് കടന്നുകളഞ്ഞ പ്രതിയും കുടുംബവും പറയുന്ന കാര്യങ്ങൾ ചാനലുകളിൽ വലിയ വാർത്തയാക്കുന്നത് ശരിയല്ല. പെൺകുട്ടിക്ക് മാനസികമായി വളരെ പ്രയാസമുണ്ടാക്കുന്ന തെറ്റായ വാർത്തകളും വന്നുകൊണ്ടിരിക്കുന്നു.കേസിന്റെ തുടരന്വേഷണത്തെ വരെ ഇത് തെറ്റായി ബാധിക്കും.
ശാരീരിക പീഡനത്തിന് ശേഷം പെൺകുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ ഭർത്താവിന് കൂട്ടുനിന്നത് പുരുഷ സുഹൃത്താണ്. പുരുഷ സുഹൃത്ത് രാത്രി സമയത്ത് ആ വീട്ടിൽ താമസിച്ച സാഹചര്യം പരിശോധിക്കണം.
വിവാഹ ശേഷം പെൺകുട്ടിക്ക് സ്വന്തം വീട്ടുകാരോട് മൊബൈൽ ഫോണിൽ സംസാരിക്കാൻ പോലും അനുദമുണ്ടായിരുന്നില്ല. അടുത്തകാലത്തായി വിദ്യാസമ്പന്നരായ പെൺകുട്ടികൾക്കു നേരെയാണ് ഇത്തരം പീഡനങ്ങൾ ഉണ്ടാകുന്നതെന്നും സതീദേവി പറഞ്ഞു.
വനിതാ കമ്മിഷന്റെ നേതൃത്വത്തിൽ ആവശ്യമായ കൗൺസിലിംഗ് സൗകര്യം വീട്ടിൽ തന്നെ ഒരുക്കിനൽകാൻ നിർദേശിച്ചതനുസരിച്ച് ശനി ഉച്ചയോടെ യുവതിക്ക് കൗൺസിലിംഗ് നൽകിത്തുടങ്ങി.
ആരോഗ്യകരമായ ബന്ധങ്ങളെക്കുറിച്ച് കുട്ടികളില്‍ അവബോധമുണ്ടാക്കണം: വനിതാ കമ്മീഷന്
കൊച്ചി: ആരോഗ്യകരമായ ബന്ധങ്ങള്‍ വളര്‍ത്തേണ്ടത് എങ്ങനെ എന്നത് സംബന്ധിച്ച് പെണ്‍കുട്ടികളിലും ആണ്‍കുട്ടികളിലും അവബോധമുണ്ടാക്കണമെന്ന് വനിതാ കമ്മീഷന് അധ്യക്ഷ അഡ്വ. പി. സതീദേവി. എറണാകുളം ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍. ഇത്തരം വിഷയങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം. ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
സ്വന്തം ജീവിതം തകരുന്ന ബന്ധങ്ങളിലേക്ക് എത്തിച്ചേരാതിരിക്കാനുള്ള കരുതല്‍ പെണ്‍കുട്ടികള്‍ക്ക് വേണം. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുന്നവരുമായി ബന്ധം സ്ഥാപിച്ച് പെണ്‍കുട്ടികള്‍ വലിയ അബദ്ധങ്ങളില്‍ ചെന്നുചാടുന്ന സംഭവങ്ങള്‍ പതിവായിരിക്കുകയാണ്. ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ടും വയോജനങ്ങളെ കൈയൊഴിയുന്ന മക്കള്‍ക്കെതിരേയുള്ള പരാതികളുമാണ് അദാലത്തില്‍ കൂടുതലായി എത്തിയതെന്ന് വനിതാ കമ്മിഷന് അധ്യക്ഷ പറഞ്ഞു.
ജില്ലാതല അദാലത്തില്‍ 21 പരാതികള്‍ പരിഹരിച്ചു. ആറെണ്ണം പോലീസ് റിപ്പോര്‍ട്ട് തേടി. ഒരു പരാതിയില്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ സഹായം ലഭ്യമാക്കാന്‍ നിര്‍ദേശിച്ചു. 83 പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. ആകെ 111 പരാതികളാണ് പരിഗണിച്ചത്.
വനിത കമ്മിഷന് അംഗങ്ങളായ അഡ്വ. ഇന്ദിരാ രവീന്ദ്രന്, അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, വി.ആര്. മഹിളാമണി, അഡ്വ. പി. കുഞ്ഞായിഷ, ഡയറക്ടര്‍ ഷാജി സുഗുണന്, പാനല്‍ അഭിഭാഷകര്‍, കൗണ്‍സലിംഗ് അംഗങ്ങള്‍ എന്നിവരും പങ്കെടുത്തു.