കിടന്നുറങ്ങിയ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
1423635
Sunday, May 19, 2024 11:33 PM IST
വിഴിഞ്ഞം: ഭർത്താവിനൊപ്പം രാത്രിയിൽ കിടന്നുറങ്ങിയ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. പോസ്റ്റുമോർട്ടം നടത്താതെ മൃതദേഹം മറവു ചെയ്യാനുള്ള ശ്രമം പോലീസ് തടഞ്ഞു.
വിഴിഞ്ഞം കോട്ടപ്പുറം ഒസാവിള കോളനിയിൽ സിൽവയ്യന്റെ ഭാര്യ ലീല (33)യാണ് മരിച്ചത്. ആദ്യ ഭർത്താവ് മരണപ്പെട്ട കോതമംഗലം സ്വദേശിനിയായ ലീലയെ ഒന്നരവർഷം മുന്പാണ് മത്സ്യത്തൊഴിലാളിയായ സിൽവയ്യൻ വിവാഹം കഴിച്ചത്. ശനിയാഴ്ച രാത്രിയിൽ ഉറങ്ങാൻ കിടന്ന ലീലയെ ഇന്നലെ രാവിലെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ബന്ധുക്കളെ വിവരമറിയിച്ചശേഷം മൃതദേഹം പോസ്റ്റ്മോർട്ടം നടത്താതെ മറവുചെയ്യാൻ ശ്രമിക്കുന്നതായി വിവരം നാട്ടുകാർ വിഴിഞ്ഞം പോലീസിൽ അറിയിച്ചു.
പോലീസെത്തി തടഞ്ഞു. തുടർന്നു വിരലടയാള വിദഗ്ദരും, ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഇൻക്വിസ്റ്റ് നടപടികൾ വൈകുന്നേരത്തോടെ പൂർത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.