കണ്ടെയ്നർ ലോറി നിയന്ത്രണംവിട്ട് വീട്ടുമുറ്റത്തേക്ക് ഇടിച്ചുകയറി
1423397
Sunday, May 19, 2024 4:44 AM IST
ആലുവ: വഴി ചോദിക്കാൻ വളവിൽ നിർത്തിയിട്ട കണ്ടെയ്നർ ലോറി നിയന്ത്രണംവിട്ട് വീട്ടുമുറ്റത്തേക്ക് ഇടിച്ചുകയറി. ആലുവ എടത്തല കോമ്പാറയിൽ രാത്രി 12.30 യോടെയായിരുന്നു അപകടം.
കോമ്പാറ അട്ടക്കാട്ട് അലിക്കുഞ്ഞിന്റെ വീടിന്റെ ഗേറ്റും മതിലും തകർത്താണ് നിന്നത്. ലോറിയുടെ മുൻ ചക്രങ്ങൾ കോൺക്രീറ്റ് കട്ടയിൽ ഇടിച്ചു നിന്നതുകൊണ്ടാണ് വൻ അപകടം ഒഴിവായത്. വീടിനോട് ചേർന്ന് രണ്ട് അടി വ്യത്യാസത്തിലാണ് ലോറി നിന്നത്. ഉറങ്ങുകയായിരുന്നു വീട്ടുകാർ വലിയ ശബ്ദം കേട്ട് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് വലിയൊരു ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട വിവരം അറിയുന്നത്.
എടത്തല അൽ അമീൻ കോളജിനും കോമ്പാറ ഗവ. സ്കൂളിനും സമീപത്തുള്ള വളവിലാണ് ലോറി കുടുങ്ങിയത്. 10 അടി താഴ്ചയുള്ള വളവിന് സമീപം റിവേഴ്സ് ഗിയർ ഇട്ട് വാഹനത്തിൽനിന്നു പുറത്തിറങ്ങിയപ്പോഴാണ് ലോറി നിയന്ത്രണംവിട്ട് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറിയത്.
വല്ലാർപാടത്തുനിന്നും കോമ്പാറ ഭാഗത്തെ ഗോഡൗണിലേക്ക് സ്റ്റീൽ ഡോറുകളുടെ ലോഡുമായി വന്ന 40 അടി നീളമുള്ള കണ്ടെയ്നറാണ് ലോറിയിൽ ഉണ്ടായിരുന്നത്.