വെള്ളക്കെട്ട് നിവാരണ പ്രവര്‍ത്തനങ്ങള്‍ : മേയര്‍ അസത്യം പ്രചരിപ്പിക്കുന്നുവെന്ന് പ്രതിപക്ഷം
1423739
Monday, May 20, 2024 4:34 AM IST
കൊച്ചി: മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണെന്ന മേയര്‍ എം. അനില്‍കുമാറിന്റെ പ്രസ്താവന വാസ്തവ വിരുദ്ധമാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ അസത്യം പ്രചരിപ്പിക്കുകയാണെന്നും കൊച്ചി കോര്പറേഷന് പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ, യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി എം.ജി. അരിസ്റ്റോട്ടില്‍ എന്നിവര്‍ പറഞ്ഞു.
മാര്‍ച്ചിൽ വെള്ളക്കെട്ട് നിവാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെന്നും 80 ശതമാനം പ്രവര്‍ത്തികൾ പൂര്‍ത്തീകരിച്ചെന്നുമാണ് മേയര്‍ പത്രപ്രസ്താവനയിലൂടെ പറഞ്ഞത്. എന്നാല്‍ ഈ മാസം ആദ്യം മാത്രമാണ് വെള്ളക്കെട്ട് നിവാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. തേവര-പേണ്ടൂര്‍ കനാല്‍ ഉള്‍പ്പെടെയുള്ള വലിയ തോടുകളിലെ ചെളിനീക്കം നടന്നിട്ടില്ല. ചെറിയ കാനകളിലെ ചെളി നീക്കിത്തുടങ്ങിയത് കഴിഞ്ഞ ദിവസം മാത്രമാണെന്നും ഇരുവരും പറഞ്ഞു.
നഗരപാലിക നിയമമനുസരിച്ച് 14 മീറ്ററില്‍ താഴെയുള്ള റോഡുകളിലെ ഡ്രെയ്നേജുകള്‍ പരിപാലിക്കേണ്ട ഉത്തരവാദിത്വം നഗരസഭയ്ക്കാണ്. ഇതു അറിയാമായിരുന്നിട്ടും എംജി റോഡ് പിഡബ്ല്യുഡി റോഡ് ആണെന്നുള്ള മേയറുടെ മറുപടി ഉത്തരവാദിത്വത്തില്‍ നിന്നുള്ള ഒഴിഞ്ഞുമാറ്റമാണ്.
നഗരത്തിലെ പ്രധാന റോഡുകളില്‍ നിന്നു വലിയ തോടുകളിലേക്ക് എത്തിച്ചേരുന്ന കാനകളുടെ മൗത്തുകള്‍ അടഞ്ഞുകിടക്കുന്നത് വെള്ളക്കെട്ട് രൂക്ഷമാക്കും. പ്രധാന തോടുകളുടെ അവസ്ഥ മേയര്‍ നേരില്‍ പരിശോധിക്കണമെന്നും വെള്ളക്കെട്ട് നിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.