നിരോധിത പുകയില ഉത്പന്നങ്ങളുമായി ആസാം സ്വദേശികൾ പിടിയിൽ
1423750
Monday, May 20, 2024 4:54 AM IST
പെരുമ്പാവൂർ: നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ടുപേർ പിടിയിൽ. ആസാം നൗഗവ് സ്വദേശികളായ മൻസൂർ അലി (45), ഇയാസിൻ മുസ്താഖ് (24) എന്നിവരെയാണ് പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
വല്ലം ജംഗ്ഷനിലെ മുറുക്കാൻ കടയുടെ മറവിലായിരുന്നു വിൽപ്പന. തുടർന്ന് ഇവരുടെ ഗോഡൗണിൽനിന്ന് ലക്ഷക്കണക്കിന് രൂപയുടെ ഉത്പന്നങ്ങൾ കണ്ടെടുത്തു. ഇരുപതോളം ചാക്കിലാണ് സൂക്ഷിച്ചിരുന്നത്. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലായിരുന്നു വിൽപ്പന. വൻ തുകയാണ് ഈടാക്കിയിരുന്നത്.
കഴിഞ്ഞ മാസം ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ നടന്ന പരിശോധനയിൽ ലക്ഷങ്ങളുടെ പുകയില ഉത്പന്നങ്ങൾ പിടികൂടിയിരുന്നു. എഎസ്പി മോഹിത് രാവത്ത്, ഇൻസ്പെക്ടർ എം.കെ.രാജേഷ്,
സബ് ഇൻസ്പെക്ടർമാരായ ടോണിജെ. മറ്റം, ഒ.എ. രാധാകൃഷ്ണൻ, എൻ.കെ. ബിജു, എഎസ്ഐ പി.എ. അബ്ദുൽ മനാഫ്, സീനിയർ സിപിഒമാരായ മനോജ് കുമാർ, ടി.എ.അഫ്സൽ, സിപിഒമാരായ ജിജുമോൻ, സിബിൻ സണ്ണി, ബെന്നി ഐസക് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.