മംഗലപ്പുഴ പാലത്തിൽ അറ്റകുറ്റപ്പണി: വാഹനങ്ങൾ വഴിതിരിച്ചതോടെ കുരുക്കിലായി അങ്കമാലി
1423249
Saturday, May 18, 2024 4:27 AM IST
അങ്കമാലി: ദേശീയപാതയിലെ ആലുവ മംഗലപ്പുഴ പാലം ബലപ്പെടുത്തുന്നതിന്റെ ഭാഗമായി തൃശൂർ ഭാഗത്തുനിന്നുള്ള ചരക്ക് വാഹനങ്ങൾ അങ്കമാലി സെൻട്രൽ ജംഗ്ഷനിൽനിന്ന് എംസി റോഡിലൂടെ തിരിച്ചുവിട്ടതിനാൽ മേഖലയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി.
അങ്കമാലി മുതൽ കാലടി വരെ വാഹനങ്ങൾ കുരുക്കിൽപ്പെട്ടതോടെ അത്യാവശ്യ കാര്യങ്ങൾക്കുപോലും ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാതെയായി. മരോട്ടിച്ചുവട്ടിലും മറ്റൂരിലും നാട്ടുകാർ ഇടപെട്ട് ഇടവഴികളിലൂടെ പോലും വാഹനങ്ങൾ തിരിച്ചുവിട്ടെങ്കിലും എല്ലാ വഴികളും തിങ്ങിനിറയുകയായിരുന്നു.
അങ്കമാലിയിൽ നിന്നും പെരുമ്പാവൂർ, മലയാറ്റൂർ, കാഞ്ഞൂർ മുതലായ ഭാഗങ്ങളിലേക്കുള്ള സ്വകാര്യ ബസുകൾക്ക് പലതിനും മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കിൽ പെട്ടതിനാൽ ഇടയ്ക്കുവച്ച് സർവീസ് അവസാനിപ്പിക്കേണ്ടിയും വന്നു.
സാധാരണ ദിവസങ്ങളിൽ പോലും ഗതാഗതകുരുക്ക് ഉണ്ടാകുന്ന അങ്കമാലി ടൗണിൽ വേണ്ടത്ര മുന്നൊരുക്കങ്ങൾ നടത്താതിരുന്നതും പോലീസിനെ അധികമായി ഡ്യൂട്ടിക്ക് നിയോഗിക്കാതിരുന്നതും സ്ഥിതി കൂടുതൽ വഷളാക്കി. ടോറസ്, ട്രെയിലർ, കണ്ടെയ്നറുകൾ തുടങ്ങിയ നീളം കൂടിയ വാഹനങ്ങൾ സെൻട്രൽ ജംഗ്ഷനിലെ സിഗ്നലിൽ എത്തുമ്പോഴാണ് നിരോധനത്തെക്കുറിച്ച് അറിയുന്നത്. ഇത് ടൗണിലെ ഗതാഗതക്കുരുക്ക് വർധിപ്പിച്ചു.
ഭാരവാഹനങ്ങളെ രാത്രിയിൽ മാത്രം കടത്തിവിടുന്നതിനുള്ള സംവിധാനം ഒരുക്കുകയും കൂടുതൽ പോലീസിനെ ടൗണിന്റെ വിവിധ ഭാഗങ്ങളിൽ അധികമായി നിയോഗിക്കുകയും ചെയ്യുന്നതിന് ബന്ധപ്പെട്ട അധികാരികൾ നടപടി സ്വീകരിക്കണമെന്ന് അങ്കമാലി മേഖലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എ.പി. ജിബി, സെക്രട്ടറി ബി.ഒ. ഡേവിസ് എന്നിവർ ആവശ്യപ്പെട്ടു .