അന്തർ ദേശീയ ശ്രീശങ്കര നൃത്തസംഗീതോത്സവത്തിന് ഇന്ന് തുടക്കം
1423401
Sunday, May 19, 2024 4:55 AM IST
കാലടി: മൂന്നാമത് അന്തർദേശീയ ശ്രീശങ്കര ന്യത്ത സംഗീതോത്സവത്തിന് ഇന്ന് തുടക്കമാകും. വൈകീട്ട് നാലിന് കാലടി നാസ് ഓഡിറ്റാറിയത്തിൽ സമർപ്പണ നൃത്തത്തോടെ ആരംഭിക്കുന്ന ആഘോഷം വി. ജയറാമ റാവു ഉദ്ഘാടനം ചെയ്യും. ചെയർമാൻ കെ.ടി. സലീം അധ്യക്ഷത വഹിക്കും. റോജി എം. ജോൺ എംഎൽഎ മുഖ്യാതിഥിയാകും.
നൃത്ത പരിപാടിയിൽ 14 അധ്യപികമാരും നാല് സീനിയർ വിദ്യാർഥിനികളും പങ്കെടുക്കും. മണ്മറഞ്ഞ കലാകാരന്മാരായ മൃദംഗ വിദ്വാൻ ആർഎൽവി വേണു കുറുമശേരി, വയലിനിസ്റ്റ് സുനിൽ ഭാസ്കർ, പുല്ലാങ്കുഴൽ കലാകാരന്മാരായ എം.എസ്. ഉണ്ണികൃഷ്ണൻ, മഹാദേവൻ പനങ്ങാട് എന്നിവർക്ക് സമർപ്പണമായിട്ടാണ് നൃത്ത പരിപാടി അരങ്ങേറുന്നത്.
ഭരതനാട്യം, മോഹിനിയാട്ടം, തിരുവാതിര എന്നീ നൃത്ത രൂപങ്ങൾ സമന്വയിപ്പിച്ചാണ് 12 മിനിറ്റ് ദൈർഘ്യം വരുന്ന നൃത്തരൂപം ചിട്ടപ്പെടുത്തിയിരിക്കുന്നത്. സംഗീത സംവിധാനം പി.ബി. ബാബുരാജ്. ശ്രീ ശങ്കര സ്കൂൾ സീനിയർ അധ്യാപികമാരായ എൻ.എസ്. പ്രതിഭ, രഹന നന്ദകുമാർ എന്നിവരും സ്കൂൾ അധ്യാപികമാരും സ്വന്തമായാണ് നൃത്തം കൊറിയോഗ്രാഫി ചെയ്തത്.
72-ാമത്തെ വയസിൽ 60 രാജ്യങ്ങളിൽ നൃത്തം അവതരിപ്പിച്ച ന്യൂഡൽഹിയിൽ നിന്നുള്ള ജയറാമാ റാവു ഫെസ്റ്റിവലിൽ ആദ്യ ദിവസം നൃത്തം അവതരിപ്പിക്കും. കലാകാരിയും ശിഷ്യയുമായ ടി. റെഡ്ഡി ലക്ഷ്മിയും പങ്കെടുക്കും. ശിഷ്യ തന്യ ഗോസ്വാമിയും പങ്കെടുക്കും.