സീയൂൾ: 33 വർഷത്തിനുശേഷം അമേരിക്ക അണ്വായുധ പരീക്ഷണങ്ങൾ പുനരാരംഭിക്കുമെന്ന് പ്രസിഡന്റ് ട്രംപ് അറിയിച്ചു. ദക്ഷിണകൊറിയയിൽ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗുമായി കൂടിക്കാഴ്ചയ്ക്കു പുറപ്പെടുന്നതിനു തൊട്ടുമുന്പാണു ട്രംപിന്റെ അപ്രതീക്ഷിത പ്രഖ്യാപനമുണ്ടായത്. പരീക്ഷണങ്ങൾ ഉടൻ തുടങ്ങും.
അതേസമയം, അണ്വായുധങ്ങളാണോ, അവ വഹിക്കുന്ന മിസൈലുകളാണോ പരീക്ഷിക്കുകയെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. എതിർശക്തികളായ റഷ്യയുടെയും ചൈനയുടെയും ഒപ്പമെത്താൻ അമേരിക്ക കൂടുതൽ പരീക്ഷണങ്ങൾ നടത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ജോർജ് ബുഷ് സീനിയർ പ്രസിഡന്റായിരിക്കേ 1992ലാണ് അമേരിക്ക അണ്വായുധ പരീക്ഷണങ്ങൾ നിർത്തിവച്ചത്. തുടർന്നുള്ള സർക്കാരുകൾ ആണവപരീക്ഷണത്തിനു സ്വയം പ്രഖ്യാപിത മോറട്ടോറിയം തുടർന്നു. അതേസമയം , കംപ്യൂട്ടർ സിമുലേഷൻ ഉപയോഗിച്ച് പരീക്ഷണങ്ങൾ നടത്തുന്നുണ്ട്. ചൈന അണ്വായുധ ശേഷി വർധിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് ട്രംപ് അമേരിക്കൻ നയം തിരുത്തിയിരിക്കുന്നത്.
ചൈനയുടെ അണ്വായുധങ്ങളുടെ എണ്ണം 2020ൽ 300 ആയിരുന്നത് 2025ൽ 600 ലെത്തിയിട്ടുണ്ട്. റഷ്യയുടെ പക്കൽ 5,580ഉം അമേരിക്കയുടെ പക്കൽ 5,225ഉം അണ്വായുധങ്ങളുണ്ടെന്നാണ് അനുമാനം. 25 വർഷത്തിനിടെ ഉത്തരകൊറിയ ഒഴികെ ഒരു ആണവശക്തിയും അണ്വായുധ പരീക്ഷണം നടത്തിയിട്ടില്ല.
തീരുമാനം സംഘർഷത്തിന്റെ പുതിയ യുഗത്തിനു തുടക്കം കുറിക്കുമെന്ന് റഷ്യൻ വൃത്തങ്ങൾ പ്രതികരിച്ചു. ആണവ പരീക്ഷണങ്ങൾക്കുള്ള സ്വയംനിയന്ത്രണം അമേരിക്ക തുടരണമെന്നു ചൈന ആവശ്യപ്പെട്ടു.
Tags : nuclear weapons tests Trump US