പാരീസ്: ലൂവ്റ് മ്യൂസിയം കവർച്ചയിൽ അഞ്ചുപേർകൂടി അറസ്റ്റിലായെന്ന് പാരീസ് പ്രോസിക്യൂട്ടറുടെ ഓഫീസ് അറിയിച്ചു. ബുധനാഴ്ച രാത്രി പാരീസിൽനിന്നാണ് ഇവർ പിടിയിലായത്.
മ്യൂസിയം പരിസരത്ത് മോഷ്ടാക്കൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ വസ്തുക്കളിൽനിന്നു ലഭിച്ച ഡിഎൻഎ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റിലായവരിൽ ഒരാളെ തിരിച്ചറിഞ്ഞത്.
മോഷണത്തിൽ സുപ്രധാന പങ്കു വഹിച്ച വ്യക്തിയും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നതായി ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഈ മാസം 19നു നടന്ന സംഭവത്തിൽ രണ്ടു പേർ 26ന് പിടിയിലായിരുന്നു. ക്രിമിനൽ പശ്ചാത്തലമുള്ള ഈ രണ്ടു പേരും തങ്ങൾക്ക് കവർച്ചയിൽ ഭാഗിക പങ്കുണ്ടെന്ന് അന്വേഷണ സംഘത്തോട് സമ്മതിച്ചു.
മോഷണം നടത്തിയത് നാലു പേരാണെങ്കിലും സംഭവത്തിനു പിന്നിൽ വിപുലമായ സംഘമുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. മോഷണത്തിൽ പങ്കെടുത്തവരിൽ മൂന്നുപേരും പിടിയിലായെന്നാണ് സൂചന.
കേസന്വേഷണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ അന്വേഷണസംഘമോ ഫ്രഞ്ച് അധികൃതരോ തയാറായിട്ടില്ല. മ്യൂസിയത്തിലെ അപ്പോളോ ഗാലറിയിൽനിന്ന് കവർച്ച ചെയ്യപ്പെട്ട എട്ട് ആഭരണങ്ങളും വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് സൂചന.
Tags : Louvre Museum robbery