ബുസാൻ: വാണിജ്യയുദ്ധത്തിൽ വിട്ടുവീഴ്ച ചെയ്യാൻ തീരുമാനിച്ച് യുഎസ് പ്രസിഡന്റ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗും.
ദക്ഷിണകൊറിയയിലെ ബുസാനിൽ ഇരുവരും നടത്തിയ ഉച്ചകോടിയിൽ ചൈനയ്ക്കുള്ള ഇറക്കുമതിചുങ്കത്തിൽ പത്തു ശതമാനം കുറവ് വരുത്താൻ ട്രംപ് തീരുമാനിച്ചു.
ഫെന്റാനിൽ എന്ന മയക്കുമരുന്ന് അമേരിക്കയിലെത്തുന്നതു തടയാൻ നടപടികൾ, അമേരിക്കൻ സോയാബീൻ വാങ്ങൽ പുനരാരംഭിക്കൽ, അപൂർവധാതു വിഭവങ്ങളുടെ കയറ്റുമതിയിൽ ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ ഒരു വർഷത്തെ ഇളവ് എന്നീ വാഗ്ദാനങ്ങൾ ട്രംപിന് ഷിയും നല്കി. ഉച്ചകോടി ആശ്ചര്യജനകമായിരുന്നുവെന്നും പത്തിൽ 12 പോയിന്റ് നല്കുന്നതായും ട്രംപ് പിന്നീട് പറഞ്ഞു.
അതേസമയം, അമേരിക്ക-ചൈന വാണിജ്യ യുദ്ധത്തിന്റെ മൂലകാരണങ്ങൾ പരിഹരിക്കാനുള്ള തീരുമാനങ്ങളൊന്നും ഉച്ചകോടിയിൽ ഇല്ലെന്നും തന്ത്രപരമായ താത്കാലിക വെടിനിർത്തലാണ് ഉണ്ടായിരിക്കുന്നതെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടി.
ചൈനയ്ക്കുള്ള ഇറക്കുമതി ചുങ്കം 57 ശതമാനം ആയിരുന്നത് 47 ശതമാനമായി കുറഞ്ഞു എന്നതാണ് ഉച്ചകോടിയിലെ ഏറ്റവും പ്രധാന തീരുമാനം.
വാഹനങ്ങൾ, വിമാനങ്ങൾ, ആയുധങ്ങൾ തുടങ്ങിയവയുടെ ഉത്പാദനത്തിൽ വലിയ പ്രാധാന്യമുള്ള അപൂർവ ധാതുവിഭവങ്ങളുടെ കയറ്റുമതി ഒരു വർഷത്തേക്കു ചൈന തുടരാൻ തീരുമാനിച്ചതും ആശ്വാസകരമാണ്. കാർഷികോത്പന്നങ്ങളുടെ വ്യാപാരം വർധിപ്പിക്കാനും ധാരണയുണ്ട്.
എന്നാൽ, ചൈനയ്ക്കു ചുങ്കം ചുമത്താനായി ട്രംപ് ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട തീരുമാനങ്ങളൊന്നും ഉച്ചകോടിയിൽ ഉണ്ടായില്ല.
ചൈനയുടെ വ്യാവസായിക നയങ്ങൾ, കയറ്റുമതി അടിസ്ഥാനമാക്കിയുള്ള വികസന മാതൃക, ഭീമമായ ഉത്പാദനശേഷി തുടങ്ങിയവയ്ക്കു തടയിടാൻ വേണ്ടിയാണ് ട്രംപ് ചുങ്കങ്ങൾ ചുമത്തിയത്.
Tags : Trump-Xi summit US-China trade