മദ്യപിച്ച് ട്രെയിനിനു കല്ലെറിഞ്ഞ ബസ് കണ്ടക്ടർ അറസ്റ്റിൽ
Monday, April 14, 2025 2:54 AM IST
കണ്ണൂർ: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ ട്രെയിനിനു നേർക്ക് കല്ലേറ് നടത്തിയ പ്രതിയെ ആർപിഎഫ് അറസ്റ്റ് ചെയ്തു. സ്വകാര്യ ബസിലെ കണ്ടക്ടറായ ഏഴോം കൊട്ടില സ്വദേശി എം. രൂപേഷിനെയാണ് ആർപിഎഫ് ഇൻസ്പെക്ടർ ജെ. വർഗീസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച രാത്രി പത്തോടെ കോയന്പത്തൂർ-കണ്ണൂർ എക്സ്പ്രസ് യാത്രക്കാരെ ഇറക്കി കണ്ണൂർ സ്റ്റേഷൻ ഗാർഡിലേക്കു മാറ്റുന്നതിനിടെയാണു മൂന്നുവട്ടം കല്ലേറുണ്ടായത്. ഷണ്ടിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ജീവനക്കാരി കല്ലേറി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കല്ലേറ് നടത്തി മിനിറ്റുകൾക്കുള്ളിൽ പ്രതിയെ ആർപിഎഫ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാവിലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളുടെ കൂടെയുണ്ടായിരുന്ന രണ്ടു പേർക്കെതിരേയും റെയിൽവേ ട്രാക്കിൽ കിടന്ന് അടികൂടിയതിനു കേസെടുത്തിട്ടുണ്ട്. ആർപിഎഫ് ഉദ്യോഗസ്ഥരായ മനോജ് കുമാർ, ശശിധരൻ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.