കേന്ദ്ര സർക്കാരിന്റെ നിയന്ത്രണം നാഗ്പുരിൽ: എം.എ. ബേബി
Friday, April 11, 2025 2:17 AM IST
കൊല്ലം: കേന്ദ്ര സർക്കാരിനെ നിയന്ത്രിക്കുന്നത് ആർഎസ്എസ് ആണെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി എം.എ. ബേബി.
രാജ്യ തലസ്ഥാനം ഡൽഹി ആണെങ്കിലും കേന്ദ്ര സർക്കാരിന്റെ നിയന്ത്രണ ആസ്ഥാനം നാഗ്പുരാണ്. മോദി ഗവൺമെന്റിന്റെ രാഷ്ട്രീയ പദ്ധതികളിൽ അജൻഡ നിശ്ചയിക്കുന്ന അവസാന വാക്ക് ആർഎസ്എസ് തലവൻ മോഹൻ ഭഗവതിന്റേതാണെന്നും അദ്ദേഹം ആരോപിച്ചു. കൊല്ലം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷത്തുള്ള സംസ്ഥാന സർക്കാരുകളെ ദ്രോഹിക്കാൻ ഗവർണർമാരെ രാഷ്ട്രീയ ഉപകരണമായി മാറ്റുകയാണ് കേന്ദ്ര സർക്കാർ. ഭരണഘടനയുടെ അന്തഃസത്തയെത്തന്നെ ലംഘിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഇതിനെതിരായ സുപ്രധാന വിധിയാണ് സുപ്രീംകോടതിയിൽനിന്നുണ്ടായതെന്ന് എം.എ. ബേബി ചൂണ്ടിക്കാട്ടി.
ആശാ വർക്കർമാരുടെ സമരം പരിഹരിക്കപ്പെടണമെന്നുതന്നെയാണ് സിപിഎം നിലപാട്. ഒരു സമരവും ഇത്തരത്തിൽ അനിശ്ചിതമായി നീണ്ടുപോകുന്നതിനോട് വ്യക്തിപരമായി താത്പര്യമില്ല. മുഖ്യമന്ത്രി അഭിപ്രായപ്പെട്ടതുപോലെ സമരം അവസാനിപ്പിക്കണം.
സംസ്ഥാന സർക്കാരിന്റെ ഇടപെടലുകളുമായി സമരക്കാർ സഹകരിക്കണം. പ്രശ്ന പരിഹാരത്തിന് ചില വിട്ടുവീഴ്ചകൾ സമരക്കാരും നടത്തണം. സമരത്തിന് ഉടൻ പരിഹാരം കണ്ടെത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.