പന്പയിൽ ഇന്ന് ആറാട്ട്
Friday, April 11, 2025 2:17 AM IST
ശബരിമല: ശബരിമല ശ്രീധർമശാസ്ത്രാ ക്ഷേത്രത്തിൽ ഉത്സവത്തിനു സമാപനം കുറിച്ച് മീനത്തിലെ ഉത്രംനാളായ ഇന്ന് പന്പയിൽ ആറാട്ട് നടക്കും.
രാവിലെ 8.30ന് ആറാട്ട് ബലിക്ക് ശേഷം ആറാട്ട് ഘോഷയാത്ര സന്നിധാനത്തുനിന്ന് പമ്പയിലേക്ക് പുറപ്പെടും. വെളിനല്ലൂർ മണികണ്ഠനാണ് ആറാട്ട് ഘോഷയാത്രയിൽ തിടമ്പേറ്റുക.
രാവിലെ 11നാണ് പമ്പയിൽ ആറാട്ട്. ആറാട്ടിനു ശേഷം പമ്പാ ഗണപതി കോവിലിലെ മണ്ഡപത്തിൽ ഭക്തജനങ്ങൾക്ക് പറയിടാനും ദർശനത്തിനും അവസരം ഉണ്ടാകും.
പൂജകൾക്കു ശേഷം വൈകുന്നേരം നാലിന് ആറാട്ട് ഘോഷയാത്ര പമ്പയിൽനിന്ന് സന്നിധാനത്തേക്ക് തിരിക്കും. ഘോഷയാത്ര സന്നിധാനത്ത് എത്തിച്ചേർന്ന ശേഷം ശബരിമല ഉത്സവത്തിന് കൊടിയിറങ്ങും.