കേരളോത്സവം: മുന്നേറ്റം തുടർന്ന് തൃശൂർ
Friday, April 11, 2025 2:17 AM IST
കോതമംഗലം: സംസ്ഥാന യുവജനക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന കേരളോത്സവത്തിൽ രണ്ടാംദിവസവും തൃശൂർ ജില്ലയുടെ കുതിപ്പ്. കലാവിഭാഗത്തിൽ 296 പോയിന്റും കായിക ഇനങ്ങളിൽ 104 പോയിന്റും നേടി 400 പോയിന്റുമായാണു തൃശൂർ മുന്നിലുള്ളത്.
322 പോയിന്റുമായി കണ്ണൂർ രണ്ടാംസ്ഥാനത്തും 316 പോയിന്റോടെ കാസർഗോഡ് മൂന്നാംസ്ഥാനത്തുമാണ്. രണ്ട് ഇനങ്ങൾ ബാക്കിനിൽക്കെ, കായിക മത്സരങ്ങളിൽ പാലക്കാടിനെ അട്ടിമറിച്ച് കാസർഗോഡ് ഒന്നാംസ്ഥാനത്തെത്തി. കാസർഗോഡ് -111, പാലക്കാട്-106, തൃശൂർ-104 എന്നിങ്ങനെയാണ് കായികവിഭാഗത്തിലെ പോയിന്റ് നില.
അവസാനദിനമായ ഇന്ന് മാർ അത്തനേഷ്യസ് കോളജിൽ നീന്തൽ മത്സരവും ചെറിയ പള്ളി സെന്റ് തോമസ് ഹാളിൽ കളരിപ്പയറ്റ് മത്സരവും അരങ്ങേറും. മാർ ബേസിൽ സ്കൂൾ ഗ്രൗണ്ടിൽ മിമിക്രി, മൈം, മാപ്പിളപ്പാട്ട് എന്നീ മത്സരങ്ങൾ നടക്കും.
വൈകുന്നേരം 4.30ന് മാർ ബേസിൽ ഗ്രൗണ്ടിൽ നടക്കുന്ന സമാപനസമ്മേളനം സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും. മന്ത്രി റോഷി അഗസ്റ്റിൻ, ഡീൻ കുര്യാക്കോസ് എംപി, ആന്റണി ജോൺ എംഎൽഎ, എസ്. സതീഷ്, മനോജ് മുത്തേടൻ, കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ എന്നിവർ പ്രസംഗിക്കും. 5.30ന് പിന്നണി ഗായിക റിമി ടോമി നയിക്കുന്ന മ്യൂസിക്കൽ ബാൻഡ് അരങ്ങേറും.