ആറുവയസുകാരനെ കുളത്തിൽ തള്ളിയിട്ടുകൊന്നു; 20കാരൻ പിടിയിൽ
Friday, April 11, 2025 2:17 AM IST
മാള: കുഴൂരിൽ ആറുവയസുകാരനെ കുളത്തിൽ മുക്കിക്കൊന്ന ഇരുപതുകാരൻ പോലീസ് കസ്റ്റഡിയിൽ. കുട്ടിയുടെ സമീപവാസിയായ കൈതാരത്ത് ജോജോ(20) ആണ് പിടിയിലായത്. കുഴൂര്‍ തിരുമുക്കുളം സ്വര്‍ണപ്പള്ളം റോഡില്‍ മഞ്ഞളി അജീഷിന്റെ മകന് ആബേലാണു മരിച്ചത്.
ഇന്നലെ വൈകീട്ട് 6.20 മുതൽ കുട്ടിയെ കാണാതായതിനെതുടർന്നു പോലീസും നാട്ടുകാരും ചേർന്നു നടത്തിയ തെരച്ചിലിനൊടുവിൽ വീടിനുസമീപത്തെ കുളത്തിൽ കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
തുടർന്നു സിസിടിവികൾ പരിശോധിച്ചും സമീപവാസികളുടെ മൊഴികളുടെയും അടിസ്ഥാനത്തിലുമാണ് കുട്ടിയുടെ വീട്ടിൽനിന്നു മൂന്നൂറു മീറ്റർ മാറി താമസിക്കുന്ന ജോജോയെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാൾ കൊലപാതകം ചെയ്തെന്നു സമ്മതിച്ചതായി പോലീസ് അറിയിച്ചു. കുട്ടിയെ കാണാതായതുമുതൽ നാട്ടുകാരോടൊപ്പം തെരച്ചിലിൽ ജോജോയും ഉണ്ടായിരുന്നു.
ഇയാൾ ബൈക്ക് മോഷണക്കേസുകളിലടക്കം പ്രതിയാണെന്നും നേരത്തേ ജുവനൈൽ കേസിൽ പ്രതിയായി ബോസ്റ്റൽ സ്കൂളിൽ കഴിഞ്ഞിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
ഇന്നലെ വൈകീട്ട് ആറിനു കൂട്ടുകാര്‍ക്കൊപ്പം കളിക്കാന്‍ പോകുന്നുവെന്നു പറഞ്ഞാണ് ആബേല്‍ വീട്ടിൽനിന്ന് ഇറങ്ങിയതെന്നു വീട്ടുകാര്‍ പറഞ്ഞു. വൈകിയിട്ടും കുട്ടി തിരികെയെത്താതിരുന്നതോടെയാണു പോലീസില്‍ വിവരമറിയിച്ചത്.
കളികഴിഞ്ഞ് ആബേല്‍ നേരത്തേ വീട്ടിലേക്കു മടങ്ങിയെന്നാണു കൂടെ കളിച്ചിരുന്ന മറ്റു കുട്ടികള്‍ പോലീസിനോടു പറഞ്ഞത്. വീടിനടുത്തുള്ള പാടശേഖരത്തിനു സമീപമുള്ള റോഡില്നിന്നാണു കുട്ടിയെ കാണാതായത്.
വീടിനടുത്ത കെട്ടിടത്തിലെ സിസിടിവിയില്‍ ആബേല്‍ പ്രദേശത്തെ യുവാവിനൊപ്പം റോഡില്‍ ഓടിക്കളിക്കുന്നതിന്റെ ദൃശ്യം പോലീസിനു ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ജോജോയെ കസ്റ്റഡിയിലെടുത്തത്.
പ്രതിയായ ജോജോ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതായും ചെറുത്ത കുട്ടി ഇക്കാര്യം വീട്ടിൽ അമ്മയോടു പറയുമെന്നു പറഞ്ഞപ്പോൾ കുളത്തിൽ മുക്കിക്കൊന്നുവെന്നുമാണു പ്രതിയുടെ മൊഴിയെന്നു റൂറൽ എസ്പി ബി. കൃഷ്ണകുമാർ പറഞ്ഞു. മരിച്ചെന്ന് ഉറപ്പാക്കുന്നതുവരെ വെള്ളത്തിൽ മുക്കിപ്പിടിച്ചതായി പ്രതി പറഞ്ഞതായും എസ്പി അറിയിച്ചു.