സിനിമാസംഘം താമസിച്ച മുറിയിൽനിന്നു കഞ്ചാവ് പിടിച്ചെടുത്തു
Friday, April 11, 2025 2:17 AM IST
തിരുവനന്തപുരം: സിനിമാ സംഘം താമസിച്ച ഹോട്ടൽ മുറിയിൽനിന്ന് എക്സൈസ് സംഘം കഞ്ചാവ് പിടിച്ചെടുത്തു. സ്റ്റണ്ട് ആർട്ടിസ്റ്റ് മഹേശ്വർ എന്നയാളിൽനിന്നുമാണ് കഞ്ചാവ് പിടികൂടിയത്.
ഡിക്ഷണറിയെന്നു തോന്നിപ്പിക്കുന്ന രീതിയിൽ പുറംചട്ടയുള്ളതും താക്കോൽകൊണ്ട് തുറക്കാവുന്നതുമായ പെട്ടിയുടെ ഉള്ളിലെ അറയിൽനിന്നാണ് കഞ്ചാവ് പിടികൂടിയത്.
സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ ഉദ്യോഗസ്ഥരും തിരുവനന്തപുരം എക്സൈസ് ഐബി പാർട്ടിയും തിരുവനന്തപുരം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. സിനിമാ സെറ്റുകളിൽ ലഹരി ഉപയോഗം കൂടുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.