മധുര- ഗുരുവായൂർ എക്സ്പ്രസ്; കോച്ചുകൾ വെട്ടിക്കുറയ്ക്കാനുള്ള നീക്കം റെയിൽവേ പിൻവലിച്ചു
Friday, April 11, 2025 2:17 AM IST
തൃശൂർ: മധുര-ഗുരുവായൂർ- മധുര എക്സ്പ്രസിൽ (16327/16328 ) കോച്ചുകളുടെ എണ്ണം വർധിപ്പിക്കാതെ നാലു ജനറൽ കോച്ചുകൾ സ്ലീപ്പറാക്കി മാറ്റാനുള്ള നടപടി റെയിൽവേ പിൻവലിച്ചു.
നിലവിലുള്ള ഐസിഎഫ് കോച്ചുകൾക്കുപകരം സിബിസി കപ്ലിംഗോടുകൂടിയ കോച്ചുകൾ ഏർപ്പെടുത്താനായിരുന്നു നീക്കം. 15നു മധുരയിൽനിന്നു പുറപ്പെടുന്ന ട്രെയിനിൽ ഈ തീരുമാനം നടപ്പാകുമെന്നും അറിയിച്ചിരുന്നു.
നിലവിൽ ട്രെയിനിൽ 14 കോച്ചുകളുണ്ട്. അതിലൊന്ന് എസിയും രണ്ടെണ്ണം സ്ലീപ്പറുമാണ്. രാവിലെ ഗുരുവായൂരിൽനിന്ന് എറണാകുളംവരെ ട്രെയിനിൽ വൻതിരക്കാണ്. നിരവധി സ്ഥിരംയാത്രികർ ആശ്രയിക്കുന്ന വണ്ടിയിൽ 18 കോച്ചുകൾ വേണമെന്നതു ദീർഘകാലത്തെ ആവശ്യമാണ്.
ആകെ കോച്ചുകൾ വർധിപ്പിക്കാതെ നാലു ജനറൽ കോച്ചുകൾ സ്ലീപ്പറാക്കുമെന്ന് അറിയിച്ചതോടെ യാത്രക്കാർ വ്യാപകപ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ചെങ്കോട്ട റൂട്ടിൽ കൂടുതൽ കോച്ചുകൾ ഓടിക്കാൻ സാങ്കേതികബുദ്ധിമുട്ടുണ്ടെങ്കിൽ കൊല്ലം, പുനലൂർവരെയെങ്കിലും അധികകോച്ചുകൾ അനുവദിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടിരുന്നു.