ചെറുവള്ളി എസ്റ്റേറ്റ് ഉടമസ്ഥത കേസ്: വാദിഭാഗം വിസ്താരം പൂര്‍ത്തിയായി
Friday, April 11, 2025 2:16 AM IST
റെജി ജോസഫ്
കോട്ടയം: ബിലീവേഴ്സ് ചര്‍ച്ചിനു കീഴില്‍ അയന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കൈവശമുള്ള ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സ്ഥാപിച്ചുകിട്ടാന്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി കോട്ടയം ജില്ലാ കളക്ടര്‍ പാലാ സബ് കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ വാദി വിസ്താരം പൂര്‍ത്തിയായി. വാദിഭാഗത്തിനുവേണ്ടി കോട്ടയം ഡെപ്യൂട്ടി കളക്ടര്‍ (എല്‍ആര്‍) ഉഷ ബിന്ദുമോള്‍ കെ. ഹാജരായി.
എരുമേലി തെക്ക്, മണിമല വില്ലേജുകളിലായുള്ള 2263 ഏക്കര്‍ ചെറുവള്ളി എസ്റ്റേറ്റ് കേരള സര്‍ക്കാരിന് അവകാശപ്പെട്ടതാണെന്നതിന് തെളിവായി 1910ലെ സെറ്റില്‍മെന്റ് രജിസ്റ്ററിന്റെയും 1923ലെ കൈമാറ്റ കരാര്‍ ഉടമ്പടിയും മറ്റ് റവന്യു രേഖകളുടെയും കോപ്പികള്‍ സമര്‍പ്പിച്ചു.
ബ്രിട്ടീഷ് കമ്പനിയായിരുന്ന ഹാരിസണ്‍ മലയാളം പ്ലാന്റേറേഷന്റെ കൈവശത്തിലായിരുന്ന ചെറുവള്ളി എസ്റ്റേറ്റ് പില്ക്കാലത്ത് കൈമറിയുകയും 2005 ഓഗസ്റ്റില്‍ തിരുവല്ല ആസ്ഥാനമായ ബിഷപ് കെ.പി യോഹന്നാന് സ്ഥാപിച്ച ബിലീവേഴ്സ് ചര്‍ച്ചിനു കിഴീലെ ഗോസ്പല്‍ ഫോര്‍ ഏഷ്യ വിലയ്ക്ക് വാങ്ങുകയുമായിരുന്നു. എരുമേലി സബ് രജിസ്ട്രാര്‍ ഓഫീസില്‍ ആധാരം രജിസ്റ്റര്‍ ചെയ്ത് ഏതാനും വര്‍ഷം ഗോസ്പല്‍ ഫോര്‍ ഏഷ്യ കരം അടയ്ക്കുകയും ചെയ്തു.
ബ്രിട്ടീഷുകാര്‍ രാജ്യം വിട്ടുപോയ സാഹചര്യത്തില്‍ ബിട്ടീഷ് കമ്പനികളുടെ പാട്ടഭൂമികളുടെയും സ്വത്തുവകകളുടെയും ഉടമസ്ഥത സര്‍ക്കാരില്‍ വന്നുചേരുമെന്നതിനാല്‍ ഇത്തരത്തിലുള്ള എല്ലാ തോട്ടങ്ങളും സര്‍ക്കാരിലേക്ക് എടുക്കുന്നതിന് 2015ല്‍ സര്‍ക്കാര്‍ നിയോഗിച്ച സ്പെഷല്‍ ഓഫീസര്‍ ഉത്തരവിറക്കിയിരുന്നു. ഇതോടെ ചെറുവള്ളി എസ്റ്റേറ്റിന്റെ കെട്ടിടങ്ങളുടെ കരം വാങ്ങേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു.
തുടര്‍ന്ന് വിവിധ കോടതികളിലായി ചെറുവള്ളി എസ്റ്റേറ്റിന്റെ അവകാശ തര്‍ക്ക വ്യവഹാരങ്ങള്‍ തുടരുകയാണ്. നാലു വര്‍ഷം മുന്‍പ് ഗോസ്പല്‍ ഫോര്‍ ഏഷ്യ ചെറുവള്ളി എസ്റ്റേറ്റിന്റെ അവകാശം ബിഷപ് കെ.പി. യോഹന്നാന് ട്രസ്റ്റിയും ബന്ധു സിനി പുന്നൂസ് നോമിനിയുമായ അയന ചാരിറ്റബിള്‍ ട്രസ്റ്റിലേക്ക എഴുതി മാറ്റിയിരുന്നു. നിലവില്‍ അയന ചാരിറ്റബിള്‍ ട്രസ്റ്റ് പ്രതിയും സംസ്ഥാന സര്‍ക്കാര്‍ വാദിയുമായാണ് പാലാ കോടതിയില്‍ കേസ്.
1923ലെ കരാര്‍ ഉടമ്പടി പ്രകാരം മലയാളം റബര്‍ പ്രൊഡ്യൂസ് കമ്പനി (യുകെ) ലിമിറ്റഡ് മറ്റൊരു ബ്രിട്ടീഷ് കമ്പനയായ മലയാളം പ്ലാന്റേഷന്‍സിന് ചെറുവള്ളി എസ്റ്റേറ്റ് കൈമാറുകയായിരുന്നു. ഗോസ്പല്‍ ഫോര്‍ ഏഷ്യ എസ്റ്റേറ്റ് വാങ്ങിയതില്‍ നിയമസാധുതയില്ലെന്നാണ് സര്‍ക്കാര്‍ വാദം.
ആധാരം രജിസ്റ്റര്‍ ചെയ്ത് കരം ഒടുക്കി എന്നത് ഉടമസ്ഥാവകാശ രേഖയല്ലെന്ന വിവിധ മേല്‍ക്കോടതികളുടെ ആവര്‍ത്തിച്ചുള്ള വിധിയാണ് സര്‍ക്കാര്‍ പാലാ കോടതിയിലും ഉന്നയിക്കുന്നത്. കരം സര്‍ക്കാരിലേക്കുള്ള ഒരു വരുമാനം മാത്രമാണെന്നും വികസനസംരംഭങ്ങള്‍ക്ക് ആരുടെയും സ്വത്ത് സര്‍ക്കാരിന് ഏറ്റെടുക്കാമെന്നുമുള്ള അവകാശവും കോടതിയില്‍ ചൂണ്ടിക്കാട്ടി.
കരം വാങ്ങാതിരുന്ന വര്‍ഷങ്ങളിലെ കരം കഴിഞ്ഞ വര്‍ഷം അയന ചാരിറ്റബിള്‍ ട്രസ്റ്റിനോട് അടയ്ക്കാന്‍ റവന്യു വകുപ്പ് ആവശ്യപ്പെടുകയും മണിമല, എരുമേലി തെക്ക് വില്ലേജ് ഓഫീസുകളിലായി കരം ഒടുക്കുകയും ചെയ്തിരുന്നു.
അയന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രതിനിധിയെ ജൂണ്‍ അഞ്ചിന് വിസ്തരിക്കും. സര്‍ക്കാരിനുവേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. സജി കൊടുവത്ത് ഹാജരായി. നിര്‍ദിഷ്ട എരുമേലി ശബരി എയര്‍പോര്‍ട്ട് നിര്‍മാണത്തിന് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ നിശ്ചയിച്ച സ്ഥലത്തില്പ്പെട്ടതാണ് ചെറുവള്ളി എസ്റ്റേറ്റ്.