കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അവഗണന: സ്കൂള്‍ പാചകത്തൊഴിലാളികള്‍ പട്ടിണിയില്‍
Friday, April 11, 2025 2:16 AM IST
കോട്ടയം: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അവഗണന സംസ്ഥാനത്തെ സ്കൂള്‍ പാചകത്തൊഴിലാളികളുടെ ജീവിതം കൂടുതല്‍ ദുഃസഹമാക്കുന്നു. യഥാസമയം വേതനം ലഭിക്കാത്തതും ഓണറേറിയം വര്‍ധിപ്പിക്കാത്തതും മിക്ക തൊഴിലാളികളെയും പട്ടിണിയുടെ വക്കിലെത്തിച്ചിരിക്കുകയാണ്.
ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ക്കൊപ്പം പാചകത്തൊഴിലാളികൾ ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ ഒരു കോടിയോളം വരുന്ന സ്കീം തൊഴിലാളികളെ ഇതുവരെ തൊഴിലാളികളായി പോലും അംഗീകരിച്ചിട്ടില്ല. ജോലി ചെയ്തവര്‍ക്ക് യാഥാസമയം വേതനം നല്കുന്ന വ്യവസ്ഥ സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിച്ചു.
കഴിഞ്ഞ മൂന്നു വര്‍ഷത്തിലധികമായി ഓണറേറിയം മാസങ്ങളായി കുടിശികയാണ്. ഫെബ്രുവരി മുതലുള്ള ഓണറേറിയം ലഭിച്ചിട്ടുമില്ല. കേന്ദ്ര സര്‍ക്കാര്‍ നല്കി വരുന്ന നാമമാത്ര ഓണറേറിയമായ 1000 രൂപ തൊഴിലാളികളുടെ പട്ടിണി മാറ്റാന്‍പോലും തികയില്ല.
2010ല്‍ 100 രൂപയായിരുന്ന ഉച്ചഭക്ഷണ തൊഴിലാളികളുടെ ദിവസക്കൂലിയില്‍ സംസ്ഥാന ബജറ്റിലൂടെ ഓരോ വര്‍ഷവും 50 രൂപ വീതം വര്‍ധനവ് നല്കുന്ന രീതിയായിരുന്നു സംസ്ഥാന സര്‍ക്കാര്‍ അവലംബിച്ചിരുന്നത്. എന്നാല്‍ 2021നു ശേഷം ഒരു ബജറ്റിലും ഈ വര്‍ധന നടപ്പാക്കിയിട്ടില്ല.
സംസ്ഥാന സര്‍ക്കാര്‍ സ്കൂള്‍ പാചകത്തൊഴിലാളികളെ 2013ല്‍ തന്നെ മിനിമം വേതന നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുകയും തൊഴിലാളികള്‍ക്കായി മിനിമം കൂലി വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തിരുന്നതാണ്.
അടിസ്ഥാന കൂലിക്ക് പുറമെ 15 ശതമാനം വരെ സര്‍വീസ് വെയിറ്റേജ്, 250ന് മുകളില്‍ വരുന്ന പോയിന്റുകള്‍ക്ക് ഒരു രൂപ വീതം ക്ഷാമബത്ത, 250 കുട്ടികള്‍ക്ക് ഭക്ഷണം പാചകം ചെയ്യാന്‍ ഒരു തൊഴിലാളി, സ്പെഷല്‍ അലവന്‍സ്, ലഘുഭക്ഷണം പാചകം ചെയ്യാന്‍ ദിവസവേതനത്തിന്റെ 20 ശതമാനം വരെ അധികവേതനം, ഹാജരാകുന്ന പ്രവൃത്തി ദിവസങ്ങളില്‍ അടിസ്ഥാന വേതനത്തിനുള്ള ഉറപ്പ് എന്നിവ ഉള്‍ക്കൊള്ളുന്ന വിജ്ഞാപനവും സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ അട്ടിമറിച്ചിരിക്കുകയാണ്.
മിനിമം കൂലി നടപ്പാക്കുന്നതിനായി വിളിച്ചുചേര്‍ക്കപ്പെട്ട യോഗത്തിന്റെ തീരുമാനങ്ങള്‍ നടപ്പാക്കിയില്ലെന്നു മാത്രമല്ല, മിനിമം വേതന നിയമത്തിന്റെ പരിധിയില്നിന്നുംതന്നെ പാചകത്തൊഴിലാളികളെ ഒഴിവാക്കി ഇപ്പോള്‍ സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുകയാണ്.
അതേസമയം, ഒന്നേകാല്‍ ലക്ഷത്തിലധികം ഉച്ചഭക്ഷണ തൊഴിലാളികളെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിച്ചും അവര്‍ക്ക് ഗ്രാറ്റുവിറ്റിയും പെന്‍ഷനും വിരമിക്കല്‍ ആനുകൂല്യവും പ്രൊവിഡണ്ട് ഫണ്ടും ബോണസും ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കിയും സംരക്ഷിച്ചു വരികയാണ് തമിഴ്നാട് സര്‍ക്കാര്‍.
ഇതെല്ലാം മറച്ചുവച്ചും കേന്ദ്രത്തെ പഴിച്ചും ഫലത്തില്‍ കേന്ദ്രനയം കേരളത്തിലും നടപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് സ്കൂള്‍ പാചക തൊഴിലാളി യൂണിയന് (എഐടിയുസി) സംസ്ഥാന പ്രസിഡന്റ് കെ.കെ. അഷ്റഫും ജനറല്‍ സെക്രട്ടറി പി.ജി. മോഹനനും പറഞ്ഞു. ആനൂകൂല്യ നിഷേധത്തിനെതിരേ 22 മുതല്‍ 26 വരെ സെക്രട്ടേറിയറ്റിനു മുന്നിൽ അതിജീവന സമരവും 11ന് രാപകല്‍ സമരവും നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു.