വയനാട് ദുരിതബാധിതരുടെ വായ്പ: കേന്ദ്ര നിലപാട് ക്രൂരമെന്നു മന്ത്രി കെ. രാജൻ
Friday, April 11, 2025 2:16 AM IST
തിരുവനന്തപുരം: വയനാട് ദുരിതബാധിതരുടെ വായ്പകൾ എഴുതിത്തള്ളാനാകില്ലെന്ന് ഹൈക്കോടതിയിൽ കേന്ദ്ര സർക്കാർ സ്വീകരിച്ച നിലപാട് ക്രൂരമായിപ്പോയെന്ന് മന്ത്രി കെ. രാജൻ.
തീവ്രദുരന്തമായി പ്രഖ്യാപിച്ച സംഭവത്തിലെ ദുരിതബാധിതരുടെ കടങ്ങൾ ഇല്ലാതാക്കാനും പുതിയ വായ്പകൾ അനുവദിക്കാനും കേന്ദ്ര സർക്കാരിനും ദേശീയ ദുരന്തനിവാരണ അഥോറിറ്റിക്കും ശിപാർശ ചെയ്യാനാകുമെന്നു വ്യവസ്ഥയുണ്ട്.
46 ബാങ്കുകളിലായി 779 ദുരിതബാധിത കുടുംബങ്ങളിലെ 1207 വായ്പകളിലായി 30.62 കോടി രൂപയാണ് എഴുതിത്തള്ളാനുള്ളത്. ഹൈക്കോടതിയിലെ കേസിൽ കേരളം വായ്പ എഴുതിത്തള്ളാൻ ആവശ്യപ്പെട്ടില്ലെന്നും മൊറട്ടോറിയത്തിന് അനുമതി തേടുകയായിരുന്നുവെന്നും കേന്ദ്ര സർക്കാരിന്റെ അഭിഭാഷകൻ പറഞ്ഞതു കള്ളമാണ്.
കഴിഞ്ഞ ഓഗസ്റ്റിൽ നടന്ന സംസ്ഥാനതല ബാങ്കേഴ്സ് സമിതി യോഗത്തിൽ കടങ്ങൾ എഴുതിത്തള്ളണമെന്നും ബാങ്കുകൾ ഇതിനായി അവരുടെ ഡയറക്ടർ ബോർഡുകളുടെ അനുവാദം നേടിയെടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടതിന് മിനിറ്റ്സുണ്ട്. കേരള ബാങ്ക് കാണിച്ച മാതൃക സ്വീകരിച്ചു ദുരിതബാധിതരുടെ കടങ്ങൾ എഴുതിത്തള്ളുകയാണ് വേണ്ടതെന്നും മന്ത്രി ആവശ്യപ്പെട്ടു.