സംസ്ഥാനത്ത് 1,583.85 ഹെക്ടർ ഏകവിളത്തോട്ടം സ്വാഭാവിക വനമാക്കി
Friday, April 11, 2025 2:16 AM IST
കൽപ്പറ്റ: നബാർഡ് സ്കീമിൽ നടപ്പാക്കുന്ന പരിസ്ഥിതി പുനഃസ്ഥാപന പ്രവൃത്തികളുടെ ഭാഗമായി സംസ്ഥാനത്ത് 1,583.85 ഹെക്ടർ ഏകവിളത്തോട്ടം സ്വാഭാവിക വനമാക്കി. വനം-വന്യജീവി സംരക്ഷണ മന്ത്രി എ.കെ. ശശീന്ദ്രൻ നിയമസഭയിൽ നൽകിയ മറുപടിയിലാണ് ഈ വിവരം.
സംസ്ഥാനത്ത് 5,031 ഹെക്ടറിൽ പരിസ്ഥിതി പുനഃസ്ഥാപന പ്രവൃത്തികൾ നടന്നുവരികയാണ്.27,000 ഹെക്ടർ ഏകവിളത്തോട്ടം 20 വർഷത്തിനിടെ സ്വാഭാവിക വനമാക്കൽ സ്വാഭാവിക വനങ്ങളുടെ പുനഃസ്ഥാപനം സംബന്ധിച്ച് സർക്കാർ പുറപ്പെടുവിച്ച നയരേഖയിൽ വിഭാവനം ചെയ്തിട്ടുണ്ട്.
വയനാട്ടിലെ വിവിധ വനം ഡിവിഷനുകളിലും പറന്പിക്കുളം ടൈഗർ റിസർവിലുമുള്ള വയലുകളുടെ പരിപാലനത്തിനും പുനഃസ്ഥാപനത്തിനും നബാർഡ് വഴി ലഭിച്ച 25 കോടി രൂപയുടെ പ്രവൃത്തികൾ പുരോഗതിയിലാണ്. വയനാട്ടിൽ ജൈവവൈവിധ്യത്തിനു ഭീഷണിയായ സെന്ന (മഞ്ഞക്കൊന്ന) ഉൾപ്പെടെ അധിനിവേശ സസ്യങ്ങളെ നിർമാർജനം ചെയ്യുന്നതിനു നടപടി സ്വീകരിച്ചുവരികയാണ്.
നോർത്ത് വയനാട് വനം ഡിവിഷനിൽ 400 ഹെക്ടറിൽ സെന്ന നശിപ്പിച്ചു. 400 ഹെക്ടറിൽ സെന്ന നിർമാർജനം പുരോഗമിക്കുകയാണ്. വയനാട് വൈൽഡ് ലൈഫ് ഡിവിഷനിൽ 5,000 ടണ് സെന്ന മുറിച്ചുനീക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്.
വനത്തിൽ ഭക്ഷണ, കുടിവെള്ള ലഭ്യത ഉറപ്പുവരുത്തി വന്യജീവികളുടെ കാടിറക്കം തടയുന്നതിനു പദ്ധതികൾ പ്രാവർത്തികമാക്കിവരികയാണ്. ജലലഭ്യത ഉറപ്പുവരുത്തുന്നതിന് 1,434 കുളം-തടയണ, 574 വയൽ, 308 ഇതര സ്രോതസുകൾ എന്നിവ പരിപാലിക്കുന്നുണ്ട്.
2025 ഫെബ്രുവരി ഒന്നു മുതൽ "മിഷൻ ഫുഡ്, ഫോഡർ ആൻഡ് വാട്ടർ' പദ്ധതി ആരംഭിച്ചിട്ടുണ്ട്. സംരക്ഷിത വനമേഖലകളിൽ പുതിയ പുല്ല് മുളപ്പിക്കുന്നതിന് യോജിച്ച സാഹചര്യങ്ങളിൽ കണ്ട്രോൾഡ് ബേണിംഗ് നടത്തുന്നുണ്ട്.
വയനാട്ടിൽ 130ഓളം വയലുകൾ കിഫ്ബിയിൽ ഉൾപ്പെടുത്തി പരിപാലിക്കുന്നതിന് നടപടി സ്വീകരിച്ചതായും മന്ത്രിയുടെ മറുപടിയിൽ പറയുന്നു.