മുഖ്യമന്ത്രിക്ക് വെപ്രാളമെന്ന് കെ. സുധാകരൻ
Friday, April 11, 2025 2:16 AM IST
തിരുവനന്തപുരം: മാസപ്പടി കേസിൽ കുടുങ്ങുമെന്ന ഭയമാണ് മുഖ്യമന്ത്രിയുടെ വെപ്രാളത്തിന് കാരണമെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. ഇതുമൂലമാണ് മാധ്യമങ്ങൾ തന്റെ രക്തത്തിന് മുറവിളികൂട്ടുകയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശമെന്നും സുധാകരൻ പറഞ്ഞു.
രണ്ട് സുപ്രധാന ഏജൻസികളുടെ കണ്ടെത്തലുകളെയാണ് മുഖ്യമന്ത്രി നിഷേധിക്കുന്നത്. ഇതിൽ കള്ളപ്പണത്തിന്റെ അംശം ഉള്ളതിനാൽ കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം ഇഡിയും വിശദീകരണം തേടിയിട്ടുള്ളത്.
മകളുടെ ഭാഗം കേട്ടില്ലെന്നു പറഞ്ഞാണ് ആദ്യം മുഖ്യമന്ത്രി പ്രതിരോധം സൃഷ്ടിച്ചത്. എന്നാൽ പണം കൊടുത്തവരേയും പണം നല്കിയവരേയും കേട്ട ശേഷമാണ് എസ്എഫ്ഐഒ റിപ്പോർട്ട് തയാറാക്കിയത്.
സേവനം നല്കാതെ 2.7 കോടി രൂപ മകളുടെ കന്പനി കൈപ്പറ്റിയെന്ന ഗുരുതരമായ കണ്ടെത്തലാണ് അവർ നടത്തിയത്. കള്ളപ്പണത്തിന് ജിഎസ്ടി അടച്ചെന്നു പറഞ്ഞ് തടിതപ്പാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും സുധാകരൻ പറഞ്ഞു.