ഓള് ഇന്ത്യ പോലീസ് ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ് മത്സരങ്ങള്‍ ഇന്നു മുതല്‍
Friday, April 11, 2025 2:16 AM IST
കൊച്ചി: പ്രഥമ ഓള് ഇന്ത്യ പോലീസ് ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ് മത്സരങ്ങള്‍ ഇന്ന് കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
ഓള് ഇന്ത്യ പോലീസ് ഫോഴ്സ് കണ്ട്രോള് ബോര്‍ഡിന്റെ നേതൃത്വത്തിലാണു മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളില്‍നിന്നും കേന്ദ്രസേനയുടെ ഏജന്‍സികളില്‍നിന്നും മത്സരാര്‍ഥികള്‍ പങ്കെടുക്കും. 1033 മത്സരാര്‍ഥികള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു.
ഡിജിപി മുതല്‍ കോണ്‍സ്റ്റബിള്‍ വരെയുള്ള ഉദ്യോഗസ്ഥര്‍ മത്സരിക്കും. വ്യക്തിഗത, ടീം മത്സരങ്ങള്‍ ഉണ്ടാകും. ഗസറ്റഡ്, നോണ്‍ ഗസറ്റഡ് ഉദ്യോഗസ്ഥര്‍ക്കും സ്ത്രീ, പുരുഷ വിഭാഗങ്ങള്‍ക്കും വേര്‍തിരിച്ചായിരിക്കും മത്സരങ്ങള്‍.
14ന് സാംസ്കാരിക പരിപാടികള്‍ മന്ത്രി വി. അബ്ദുറഹ്മാന് ഉദ്ഘാടനം ചെയ്യും. 15ന് സമാപനപരിപാടികളുടെ ഉദ്ഘാടനം മന്ത്രി പി. രാജീവ് നിര്‍വഹിക്കും.