നിങ്ങൾക്കു വേണ്ടത് എന്റെ രക്തം; രാജി അത്ര വേഗം കിട്ടില്ലെന്നു മുഖ്യമന്ത്രി
Thursday, April 10, 2025 2:55 AM IST
തിരുവനന്തപുരം: മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക്, നിങ്ങൾക്കു വേണ്ടത് എന്റെ രക്തമാണെന്നും അത് അത്രവേഗം കിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എന്റെ രാജിയാണ് നിങ്ങളുടെ ലക്ഷ്യമെന്നും അതു നടപ്പില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാസപ്പടി കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ മാധ്യമപ്രവർത്തകർ ആവർത്തിച്ചതോടെ സാമാന്യബുദ്ധിക്കു നിരക്കാത്ത ചോദ്യങ്ങളാണു ചോദിക്കുന്നതെന്നു ക്ഷോഭത്തോടെ മുഖ്യമന്ത്രി പറഞ്ഞു.
കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷിനെതിരേയുള്ള കേസിൽ പാർട്ടി ഇടപെടാതിരുന്നതും വീണയുടെ കേസിൽ പാർട്ടി രാഷ്ട്രീയമായി പ്രതിരോധിക്കാൻ തീരുമാനിച്ചതും സംബന്ധിച്ച ചോദ്യത്തിന് “എന്റെ മകൾ എന്നു പറഞ്ഞല്ലേ കേന്ദ്ര ഏജൻസികൾ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്? ഇതിൽ പാർട്ടിക്കു കാര്യം ബോധ്യമായി. എന്നാൽ, ബിനീഷിനെതിരേയുള്ളത് അയാൾക്കെതിരേയുള്ള കേസായിരുന്നു” എന്നു മറുപടി.
മാസപ്പടി കേസ് കോടതിയിൽ അല്ലേ, നടക്കട്ടെ. അത്ര ഗൗരവമായി കേസിനെ കാണുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.