ജാര്‍ഖണ്ഡ് സ്വദേശികള്‍ ഉപേക്ഷിച്ച കുഞ്ഞിന്റെ സംരക്ഷണം ശിശുക്ഷേമ സമിതി ഏറ്റെടുക്കും
Thursday, April 10, 2025 2:55 AM IST
കൊച്ചി: ജാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതികള്‍ ഉപേക്ഷിച്ച കുഞ്ഞിനെ കേരളം ഏറ്റെടുത്തു. കുഞ്ഞിന് ആരോഗ്യമന്ത്രി ‘നിധി’ എന്നു പേരിട്ടു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവരുന്ന കുഞ്ഞ് പൂര്‍ണ ആരോഗ്യവതിയാണ്. ഒന്നരമാസത്തെ ചികിത്സയ്ക്കുശേഷം കുഞ്ഞ് ഇന്ന് ആശുപത്രി വിടും. കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുക്കും.
ജാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതികള്‍ ആശുപത്രി ഐസിയുവില്‍ ഉപേക്ഷിച്ചുപോയ നവജാത ശിശുവിനെ സര്‍ക്കാര്‍ ഏറ്റെടുത്ത് എറണാകുളം ജനറല്‍ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ലൂര്‍ദ് ആശുപത്രി ഐസിയുവില്‍ ചികിത്സയിലായിരുന്നു കുഞ്ഞ്. കുഞ്ഞിനെ ‘ബേബി ഓഫ് രഞ്ജിത’എന്ന മേല്‍വിലാസത്തിലാണു ചികിത്സിച്ചിരുന്നത്.
കോട്ടയത്തെ ഫിഷ് ഫാമില്‍ ജോലിചെയ്തിരുന്ന ജാര്‍ഖണ്ഡ് സ്വദേശികളായ ദന്പതികൾ നാട്ടിലേക്കു പോകുന്ന സമയത്താണ് ട്രെയിനില്‍വച്ച് ഭാര്യക്ക് അസ്വസ്ഥതകളുണ്ടായത്. തുടര്‍ന്ന് തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിക്കുകയും പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.
ഒരു കിലോയില്‍ താഴെ മാത്രമേ ഭാരമുള്ളൂ എന്നതിനാൽ വിദഗ്ധ ചികിത്സയ്ക്കായി കുഞ്ഞിനെ അവര്‍ സ്വകാര്യ ആശുപത്രിയിലെ എന്‍ഐസിയുവിലേക്കു മാറ്റി.
പിന്നീട് അച്ഛനെയും അമ്മയെയും കാണാതാകുകയായിരുന്നു. വിവരം ശ്രദ്ധയില്‍പ്പെട്ടതോടെ മന്ത്രി വീണാ ജോര്‍ജ് കുഞ്ഞിന്റെ സംരക്ഷണവും ചികിത്സയും ഏറ്റെടുക്കാന്‍ നിര്‍ദേശം നല്കി. തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ചു വിദഗ്ധ പരിചരണം ഉറപ്പാക്കി.
കുഞ്ഞിന്റെ ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രിയില്‍ ചെലവായ തുക ആരോഗ്യവകുപ്പ് ഡയറക്ടര്‍ നിശ്ചയിക്കുന്ന പ്രകാരം വനിത- ശിശു വികസന വകുപ്പിന്റെ ബാലനിധിയിലൂടെ അനുവദിക്കാനും തീരുമാനിച്ചു.
മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചാണു ചികിത്സ ഏകോപിപ്പിച്ചത്. ആശുപത്രിയിലെ മില്‍ക്ക് ബാങ്കില്‍നിന്ന് കുഞ്ഞിനാവശ്യമായ മുലപ്പാല്‍ നല്‍കുന്നുണ്ട്. ഇപ്പോള്‍ കുഞ്ഞിന് 37 ആഴ്ച പ്രായവും രണ്ടര കിലോ തൂക്കവുമുണ്ട്.
സാധാരണ കുട്ടികളെപ്പോലെ പാല് കുടിക്കാന്‍ കഴിയുന്ന അവസ്ഥയിലാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിക്കു കൈമാറുന്നത്.ആശുപത്രി സൂപ്രണ്ട് ഡോ. ഷഹിര്‍ഷായുടെ ഏകോപനത്തില്‍ പീഡിയാട്രിക് വിഭാഗം മേധാവി ഡോ. വിനീത, സ്പെഷല്‍ ഓഫീസര്‍ ഡോ. വിജി എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടര്‍മാരടങ്ങിയ സംഘമാണു കുഞ്ഞിനെ ചികിത്സിച്ചത്.
കുഞ്ഞിന്റെ പ്രത്യേക പരിചരണം നടത്തിയത് ന്യൂബോണ്‍ കെയറിലെ നഴ്സുമാരാണ്.