വഖഫ് ഭേദഗതി ബിൽ തെറ്റിദ്ധരിപ്പിക്കലെന്ന് മുഖ്യമന്ത്രി
Thursday, April 10, 2025 2:55 AM IST
തിരുവനന്തപുരം: വഖഫ് ഭേദഗതി ബിൽ പാസായതോടെ മുനന്പം പ്രശ്നത്തിന് പരിഹാരമാകുമെന്നത് തെറ്റിദ്ധരിപ്പിക്കലാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ബിൽ അവതരിപ്പിച്ച മന്ത്രിതന്നെ ഇതിന് മുൻകാല പ്രാബല്യമില്ലെന്നു വ്യക്തമാക്കി. ആസൂത്രിതമായി സാമുദായിക സംഘർഷത്തിന് തീ കോരിയിടാനുള്ള ശ്രമമാണ് ചിലർ നടത്തുന്നത്.
മുനന്പത്തെ വിഷയം ന്യായമായതാണ്; എന്നാൽ, സങ്കീർണവുമാണ്. വർഷങ്ങളായി ഇവിടെ താമസിക്കുന്നവരുടെ നിയമപരമായ അവകാശങ്ങൾ സംരക്ഷിക്കാൻ സംസ്ഥാനം പ്രതിജ്ഞാബദ്ധമാണ്. അതിന്റെ പ്രതിവിധിക്കായി എന്തു ചെയ്യണം എന്നതു സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് നൽകാനാണ് കമ്മീഷനെ നിയോഗിച്ചത്.
ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധി എതിരായെങ്കിലും ഇപ്പോൾ ഡിവിഷൻ ബെഞ്ച് വിധി മുനന്പം കമ്മീഷൻ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാൻ സഹായിക്കും. അതുവഴി പ്രശ്നപരിഹാരം സാധ്യമാകും.
ഇപ്പോൾ പാസായ ബില്ലിലെ ഏത് ക്ലോസാണ് മുനന്പത്തെ പ്രശ്നം പരിഹരിക്കുന്നതെന്നു ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നില്ല. പുകമറ സൃഷ്ടിച്ചു രാഷ്ട്രീയനേട്ടം കിട്ടുമോ എന്നാണ് ബിജെപി നോക്കുന്നത്. ഇക്കാര്യം മുനന്പം നിവാസികൾക്കു ബോധ്യമാകും.
വഖഫ് ബില്ലും മുനന്പം വിഷയവും ബന്ധിപ്പിച്ചുള്ള ബിജെപിയുടെ വാദം അവരുടെ രാഷ്ട്രീയ അജൻഡയെയാണ് വ്യക്തമാക്കുന്നത്. ബിജെപിയുടെ ക്രിസ്ത്യൻ പ്രേമനാടകത്തിലെ ഒരു എപ്പിസോഡ് മാത്രമാണ് ഇവിടെ കാണാൻ കഴിയുന്നത്. വർഗീയ മുതലെടുപ്പിനുള്ള ശ്രമമാണ് മുനന്പത്തെ മുൻനിർത്തി ബിജെപി നടത്തുന്നത്.
ജബൽപുരിലെ ക്രൈസ്തവ ആക്രമണം നടന്നത് ഏതാണ്ട് ഇതേ സമയത്താണ്. ക്രൈസ്തവ ന്യൂനപക്ഷത്തോട് സംഘപരിവാർ വച്ചു പുലർത്തുന്ന അടിസ്ഥാന നിലപാട് എന്താണെന്ന് വ്യക്തമാക്കുന്ന ഒന്നാണ് ജബൽപൂരിൽ കണ്ടത്.
രാജ്യസഭ വഖഫ് നിയമ ഭേദഗതി പാസാക്കിയതിന്റെ തൊട്ടടുത്ത ദിവസംതന്നെ ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ തനിനിറം കാട്ടി. ലേഖനത്തിൽ, കത്തോലിക്കാ സഭയാണ് വഖഫ് ബോർഡിനേക്കാൾ ഭൂമി കൈയടക്കി വച്ചിരിക്കുന്നത് എന്നു പറഞ്ഞു.
സംഘപരിവാറിന്റെ അടുത്ത ലക്ഷ്യം കത്തോലിക്ക സഭയും സഭയുടെ സ്വത്തുമാണെന്ന് അവർതന്നെ വ്യക്തമാക്കിയിരിക്കുകയാണ്. മുനന്പം ഉൾപ്പെടെയുള്ള ഇടങ്ങളിലെ ക്രൈസ്തവജനത ഇതു കൃത്യമായി തിരിച്ചറിയും.
ക്രൈസ്തവരുൾപ്പെടെയുള്ള മലയോര ജനതയെ എല്ലാ വിധത്തിലും വഞ്ചിക്കുന്ന നിലപാടാണ് ബിജെപിക്കും കേന്ദ്രസർക്കാരിനും. ട്രംപിന്റെ പകരച്ചുങ്ക വിഷയം എടുക്കുക. ട്രംപ് ഏർപ്പെടുത്തിയ പകരച്ചുങ്കം റബർ, കാപ്പി കൃഷിക്കാരെ കാര്യമായി ബാധിക്കും. ചെമ്മീൻ കൃഷിക്കാരെയും ഇതു ബാധിക്കും. എന്നാൽ പകരച്ചുങ്കത്തിനെതിരേ ഇന്ത്യൻ സർക്കാർ ഒരക്ഷരം പ്രതികരിക്കാൻ തയാറായിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.