304 തസ്തികകൾ സൃഷ്ടിക്കും
Thursday, April 10, 2025 2:55 AM IST
കോഴിക്കോട്: പോക്സോ കേസുകള്‍ സമയബന്ധിതമായി അന്വേഷിക്കുന്നതിനും ഇരകള്‍ക്കാവശ്യമായ സഹായം നല്‍കുന്നതിനും കേരള പോലീസില്‍ 304 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ അനുമതി.
ഇന്നലെ പുറത്തിറങ്ങിയ ഗസറ്റ് വിജ്ഞാപനത്തിലാണ് ഇതു സംബന്ധിച്ച ഉത്തരവ്. സുപ്രീംകോടതിയുടെ 2019 നവംബര്‍ 13ലെ ഉത്തരവിന്റെയും 2021 ഡിസംബര്‍ 15ലെ സര്‍ക്കാര്‍ ഉത്തരവിന്റെയും അടിസ്ഥാനത്തിലാണ് ഈ നടപടി.
2021 ഒക്ടോബര്‍ അഞ്ചിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗതീരുമാനപ്രകാരം, ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, നിയമവകുപ്പ് സെക്രട്ടറി, സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി എന്നിവരടങ്ങിയ ഒരു സമിതി രൂപീകരിച്ചിരുന്നു.
ഈ സമിതിയുടെ ശിപാര്‍ശ പരിഗണിച്ചാണ് സര്‍ക്കാര്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ അനുമതി നല്‍കിയത്. സംസ്ഥാന പോലീസ് മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം, പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുന്നതിന്റെ ഭാഗമായി പുതുതായി 304 തസ്തികകളാണ് സൃഷ്ടിക്കുന്നത്.
ഡിവൈഎസ്പി-നാല്, എസ്ഐ-40, എഎസ്ഐ-40, എസ് സിപിഒ-120, സിപിഒ-100 എന്നിങ്ങനെയാണ് പുതിയ തസ്തികകള്‍.