കപ്പൽ ഭീമൻ "എംഎസ്സി തുർക്കി' വിഴിഞ്ഞത്ത്
Thursday, April 10, 2025 2:55 AM IST
എസ്. രാജേന്ദ്രകുമാർ
വിഴിഞ്ഞം: നിറയെ കണ്ടെയ്നറുകളുമായി വിഴിഞ്ഞം തീരത്തടുത്ത കപ്പൽ ഭീമൻ "എംഎസ്സി തുർക്കി'ക്ക് രാജകീയ വരവേല്പ്.
പുറംകടലിൽനിന്ന് അദാനി തുറമുഖ അധികൃതർ നിയന്ത്രണം ഏറ്റെടുത്ത കപ്പലിന് അകമ്പടി സേവിച്ച ഡോൾഫിൻ വിഭാഗത്തിൽപ്പെട്ട ടഗ്ഗുകൾ ആദരസൂചകമായി വാട്ടർ സല്യൂട്ട് നൽകി. അന്താരാഷ്ട്ര തുറമുഖത്ത് ആദ്യമെത്തിയ സാൻഫെർണാണ്ടയ്ക്കു നൽകിയ ആദരവ് ഇന്നലെ തുർക്കിക്കും അധികൃതർ നൽകി.
രണ്ടു ദിവസം മുൻപ് പുറംകടലിൽ നങ്കൂരമിട്ട കപ്പൽ തുറമുഖ വാർഫിൽ അടുക്കാനുള്ള ഊഴം കാത്തുകിടക്കുകയായിരുന്നു. എംഎസ്സി തുർക്കിയിൽ കയറ്റി അയയ്ക്കാനുള്ള കണ്ടെയ്നറുകളുമായെത്തിയ മറ്റു രണ്ട് കപ്പലുകളെ ആദ്യം തുറമുഖത്ത് അടുപ്പിക്കേണ്ടിവന്നതിനാൽ ദൗത്യം പൂർത്തിയാക്കിയുള്ള മടക്കയാത്ര വൈകി.
ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ തുറമുഖ വാർഫിൽ അടുപ്പിക്കാൻ ആദ്യം തീരുമാനിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ സാധിച്ചില്ല. ഒടുവിൽ മൂന്ന് ടഗ്ഗുകളുടെ സഹായത്തോടെ ഇന്നലെ വൈകുന്നേരം ആറോടെ വാർഫിൽ അടുപ്പിച്ചു.
സിംഗപ്പൂരിൽനിന്നുള്ള യാത്രാ മധ്യേ വിഴിഞ്ഞത്തെത്തിയ കപ്പൽ രണ്ടായിരത്തോളം കണ്ടെയ്നറുകൾ ഇറക്കിയ ശേഷം ഇന്നു വൈകുന്നേരം ഘാനയിലേക്കു പുറപ്പെടും. നാല് ഫുഡ്ബോൾ ഗ്രൗണ്ടിന് സമാനമായ വലുപ്പമുള്ള എംഎസ്സി തുർക്കി ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകളിലൊന്നാണ് .
400 മീറ്റർ നീളവും 62 മീറ്റർ വീതിയുമുള്ള കപ്പലിന് 24,346 ടിയുഇഎസ് കണ്ടെയ്നർ വഹിക്കാനുള്ളശേഷിയുണ്ട്.