ജാമ്യം പരിഗണിക്കൽ: ജാഗ്രത വേണമെന്ന് ഹൈക്കോടതി
Thursday, April 10, 2025 2:55 AM IST
കൊച്ചി: കേസുകളില്‍ അറസ്റ്റിലാകുന്ന പ്രതികള്‍ റിമാന്‍ഡ് ഒഴിവാക്കാന്‍ രോഗാവസ്ഥ ചൂണ്ടിക്കാട്ടുന്ന പ്രവണത വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജാമ്യം പരിഗണിക്കുന്ന കോടതികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഹൈക്കോടതി.
പാതിവില തട്ടിപ്പുകേസ് പ്രതി ആനന്ദകുമാറിന്റെ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിലാണ് നിരീക്ഷണം. ഇത്തരം പ്രതികളോട് ‘ബിഗ് നോ’എന്ന സമീപനമാണു കോടതികള്‍ പുലര്‍ത്തേണ്ടത്.
മതിയായ ചികിത്സാസൗകര്യം ജയിലില്‍ ഇല്ലെന്ന് അധികൃതര്‍ ബോധ്യപ്പെടുത്തിയാലല്ലാതെ തടവുകാര്‍ക്കോ വിചാരണ ത്തടവുകാര്ക്കോ രോഗാവസ്ഥയുടെ പേരില്‍ ജയില്‍വാസം ഒഴിവാക്കി നല്‍കേണ്ടതില്ല. യഥാര്‍ഥത്തില്‍ രോഗമോ അവശതയോ ഇല്ലാത്തവരെ നേരേ ജയിലിലേക്കുതന്നെ വിടണമെന്നും ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണന് വ്യക്തമാക്കി.
അറസ്റ്റിലായ ഒരാള്‍ക്ക് വെറുതെ അസുഖം നടിച്ചാല്പ്പോലും രോഗിയെന്ന പേരില്‍ ജയിലിന്റെ പടിവാതില്‍ പോലും കാണാതെ എളുപ്പം ജാമ്യത്തിലിറങ്ങാന്‍ കഴിയുമെന്ന ധാരണ ഇന്ന് പൊതുസമൂഹത്തിനുണ്ട്.
രോഗബാധിതൻ എന്നപേരില്‍ ഗൗരവമുള്ള കേസുകളിലെ പ്രതികള്‍ക്ക് ഇങ്ങനെ ജാമ്യം അനുവദിച്ചാല്‍ ആര്‍ക്കും രോഗം നടിച്ച് ജയില്‍വാസത്തില്‍നിന്നു രക്ഷപ്പെടാനുള്ള അവസരമാകും.
ശരിയായ രോഗാവസ്ഥയിലുള്ളയാളാണു റിമാന്‍ഡ് പ്രതിയെങ്കില്‍ ജയിലിലെ ഡോക്ടര്‍ മുഖേന ചികിത്സ ലഭിക്കാന്‍ അര്‍ഹതയുണ്ട്. ഏതു രോഗവും ചികിത്സിക്കാനുള്ള സൗകര്യം നമ്മുടെ ജയിലുകളിലുണ്ടെന്ന് ഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതി ചൂണ്ടിക്കാട്ടി.
മെഡിക്കല്‍ ടൂറിസത്തിനല്ല തടവറയിലേക്കാണു വന്നിട്ടുള്ളതെന്ന ബോധം പ്രതിക്കുണ്ടാകണം.ജയിലിലെ തടവുകാരന്റെ അവകാശങ്ങള്‍ക്കു പുറത്ത് സ്വതന്ത്രരായി നടക്കുന്ന പൗരന്മാരെ അപേക്ഷിച്ച് ചില നിയന്ത്രണങ്ങള്‍ സ്വാഭാവികമാണ്. അത്യാഹിതമുണ്ടായാല്പ്പോലും ജയില്‍ ഡോക്ടറുടെ ശിപാര്‍ശയില്‍ വിദഗ്ധ ചികിത്സ നല്‍കാനാകും.
ജയിലുകളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ സേവനവുമുണ്ട്. ജയിലിലെ ചികിത്സ മതിയാകില്ലെങ്കില്‍ ജയില്‍ ഡോക്ടറുടെ തീരുമാനപ്രകാരം ജയില്‍ സൂപ്രണ്ട് റിപ്പോര്‍ട്ട് നല്‍കണമെന്നാണു നിയമം. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുകയുമാകാം. വിദഗ്ധ ചികിത്സ വേണമോയെന്നതില്‍ തീരുമാനമെടുക്കേണ്ടതു ജയില്‍ ഡോക്ടറാണ്.
സ്വന്തം ചെലവില്‍ ഇഷ്ടമുള്ള ഡോക്ടറെക്കൊണ്ടു പരിശോധന നടത്താന്‍ പ്രതികള്ക്കാകില്ല.അത്യപൂര്‍വ സാഹചര്യത്തിലല്ലാതെ കോടതി റിമാന്‍ഡ് ചെയ്ത പ്രതിക്ക് അതു മറികടന്ന് നേരിട്ടു ചികിത്സ തേടാനാകില്ല. അവര്‍ ജയിലിലെ ഭക്ഷണമാണു കഴിക്കേണ്ടത്. വീട്ടില്‍നിന്ന് പൊതിഞ്ഞു കൊണ്ടുവരുന്ന ഭക്ഷണമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.