പാതിവില തട്ടിപ്പു കേസ് ; ആനന്ദകുമാറിന് ജാമ്യമില്ല
Thursday, April 10, 2025 2:55 AM IST
കൊച്ചി: പാതിവില തട്ടിപ്പുകേസിലെ രണ്ടാംപ്രതിയും സത്യസായി ഗ്രാമം ഗ്ലോബല്‍ ട്രസ്റ്റ് സ്ഥാപകനുമായ തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി കെ.എന്‍. ആനന്ദകുമാറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
പകുതിവിലയ്ക്ക് സ്കൂട്ടറും മറ്റും വാഗ്ദാനം ചെയ്ത് സർക്കാരിതര സംഘടനകളുടെ പേരില്‍ നടത്തിയതു കേരളത്തിലെ വലിയ സാമ്പത്തിക തട്ടിപ്പാണെന്നും ഹര്‍ജിക്കാരനെതിരേ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും കോടതി വിലയിരുത്തി.
ആരോഗ്യപ്രശ്നങ്ങള്‍ പരിഗണിച്ചു ജാമ്യം അനുവദിക്കണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യവും ജയിലില്‍ മതിയായ ചികിത്സാസൗകര്യങ്ങളുണ്ടെന്നു വിലയിരുത്തി കോടതി തള്ളി. കണ്ണൂരിലെയും മൂവാറ്റുപുഴയിലെയും സീഡ് സൊസൈറ്റികളുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന രണ്ടു കേസുകളിലാണ് ആനന്ദകുമാറിന് ജാമ്യം നിഷേധിച്ചത്.
പ്രതി ആഴ്ചകളായി പൂജപ്പുര ജയിലിലാണ്. തട്ടിപ്പുമായി ബന്ധമില്ലെന്നും ഒന്നാംപ്രതി അനന്തു കൃഷ്ണനാണ് ഉത്തരവാദിയെന്നും ഹര്ജിക്കാരന് വാദിച്ചു. എന്നാൽ പകുതിവില പദ്ധതിയുമായി ബന്ധപ്പെട്ട യോഗങ്ങളില്‍ ആനന്ദകുമാറും പങ്കെടുത്തിട്ടുണ്ടെന്നതിന് പ്രോസിക്യൂഷന് തെളിവ് ഹാജരാക്കി.
ആനന്ദകുമാര്‍ മാനേജിംഗ് ട്രസ്റ്റിയായ നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷനുമായി പ്രഫഷണല്‍ സര്‍വീസ് ഇന്നൊവേഷന്‍സ് കരാര്‍ വച്ചിരുന്നു. ഇതു ഹര്‍ജിക്കാരന്റെ അറിവോടെയല്ലെന്ന് കരുതാനാകില്ലെന്ന് കോടതി പറഞ്ഞു.