തല കുനിക്കുന്പോൾ
Thursday, April 10, 2025 2:55 AM IST
പോൾ കൊട്ടാരം കപ്പൂച്ചിൻ
ഈശോ 40 ദിനം നീണ്ട തപസിലേക്കു പ്രവേശിക്കുംമുന്പ് സ്നാനം സ്വീകരിച്ചതിനെക്കുറിച്ചു തിരുവചനം പറയുന്നു.
തനിക്കു വഴിയൊരുക്കാൻ വന്ന സ്നാപകൻ ജോർദാനിൽ നൽകിക്കൊണ്ടിരുന്ന അനുതാപത്തിന്റെ മാമോദീസ സ്വീകരിക്കുന്ന ഈശോയുടെ ചിത്രം ഏറെ ആകർഷകമാണ്. പാപമൊന്നും ചെയ്യാത്തവനായിരുന്നിട്ടും ഇതാ അവൻ അനുതാപത്തിന്റെ മാമോദീസാ സ്വീകരിക്കാനായി സ്നാപകന്റെ മമ്പിൽ തലകുനിക്കുന്നു. പുതിയ പാഠമാണ് ഈശോ അന്നു പഠിപ്പിച്ചത്.
മനുഷ്യന്റെ മുമ്പിൽ ശിരസു കുനിക്കുന്ന ദൈവത്തെ ഈശോയിലല്ലാതെ മറ്റെവിടെയെങ്കിലും കാണാനാകുമോ..? ഈശോയ്ക്കു മാത്രമേ ഇതു ചെയ്യാൻ സാധിക്കൂ... അവന്റെ പിറവിതന്നെ ഏറ്റവും ചെറുതാകലിന്റെയും ഏതൊരു സാധാരണക്കാരനും മനസിലാക്കാൻ പറ്റുന്നതിന്റെയും മാതൃകയായിരുന്നു. ഇവിടെയിതാ, പരസ്യജീവിതത്തിന്റെ ഒരുക്കത്തിലേക്കു പ്രവേശിക്കുന്നതിനു മുൻപായി അവൻ ഒരിക്കൽകൂടി തന്റെ വലുപ്പത്തെയോ ദൈവികതയെയോ പരിഗണിക്കാതെ തലകുനിച്ചു സ്നാനം സ്വീകരിക്കുന്നു.
അനുതാപത്തിന്റെയും ആത്മീയ വിശുദ്ധിയുടെയും ആഴത്തിലേക്ക് ഒരാൾക്കു പ്രവേശിക്കണമെങ്കിൽ ആ വ്യക്തിക്ക് ഈശോയുടേതുപോലെ അപരന്റെ മുമ്പിൽ തലകുനിക്കാനുള്ള മനസ് അത്യാവശ്യം. ഞാനാണ് വലിയവൻ, എനിക്കുമാത്രമേ അറിവും കഴിവും സാധ്യതകളുമുള്ളൂ എന്നൊക്കെയാണ് സ്വയം ചിന്തിക്കുന്നതെങ്കിൽ, ഈ തപസുകാലം ഗുണം ചെയ്യാൻ സാധ്യത കുറവാണ്. കാരണം ഈ ദിനങ്ങളിൽ നമുക്കു മുന്നിലുള്ള ജീവിതമാതൃക ഈശോയാണ്.
ചെറുതാകൽ
അന്ന് ഈശോ സ്നാപകന്റെ മുമ്പിൽ ശിരസുകുനിച്ച് ജലത്താൽ സ്നാനപ്പെട്ടപ്പോൾ സ്വർഗം തുറക്കുന്നതും ആത്മാവ് പ്രാവിന്റെ രൂപത്തിൽ ഇറങ്ങിവരുന്നതും ഇവൻ എന്റെ പ്രിയപുത്രൻ ഇവനിൽ ഞാൻ സംപ്രീതനായിരിക്കുന്നു എന്ന പിതാവിന്റെ സ്വരവും വെളിപ്പെടുത്തുന്ന സത്യങ്ങൾ വളരെ ഉന്നതമായവയാണ്. ആരാണോ തന്റെ അഹന്തയും സ്വാർഥതയും എല്ലാം ഇറക്കിവച്ച്, ഈശോയെപ്പോലെ എളിമയോടെ നിൽക്കാൻ തയാറാകുന്നത് അപ്പോഴാണ് സ്വർഗം തുറക്കപ്പെടുന്നതും ആ വ്യക്തിയിലേക്കാണ് ആത്മാവ് ഇറങ്ങി വരുന്നതും.
ഈശോയുടെ ചെറുതാകൽ ആ ജീവിതത്തിലുടനീളം ഉണ്ടായിരുന്നു. ഈശോയിൽനിന്ന് ഈ ചെറുതാകലിന്റെ പാഠം പഠിക്കാനും ജീവിതത്തിന്റെ ഭാഗമാക്കി മാറ്റാനും കഴിയുക എന്നതിലേക്കാണ് നോമ്പുദിനങ്ങൾ നമ്മെ നയിക്കേണ്ടത്. ഉപവാസവും പ്രാർഥനയും എല്ലാം ഇഴചേരുന്ന തപസിന്റെ ഈ കടുത്ത നാളുകൾ ആത്മീയ പരിശീലന വേളയാക്കി മാറ്റാം. സ്വയം ചെറുതായ ദൈവത്തിന്റെ മാതൃകയിൽ എന്റെ ജീവിതവും ക്രമീകരിക്കാൻ കഴിയുന്ന ബോധ്യങ്ങൾ ഉള്ളിൽ രൂപപ്പെടുത്താം.