“മുനമ്പത്തെ ഭൂമി വഖഫ് അല്ല”; മുന്‍ നിലപാട് മാറ്റി സിദ്ദിഖ് സേഠിന്റെ ചെറുമക്കള്‍
Thursday, April 10, 2025 2:55 AM IST
കോഴിക്കോട്: മുനമ്പം വഖഫ് കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് വഖഫ് ട്രൈബ്യൂണലില്‍ ആരംഭിച്ച വാദത്തില്‍ മുന്‍നിലപാട് മാറ്റി, മുനമ്പത്ത് സ്ഥലം നല്കിയ സിദ്ദിഖ് സേഠിന്റെ ചെറുമക്കള്‍. മുനമ്പത്തെ ഭൂമി വഖഫ് ചെയ്തതല്ലെന്ന് സിദ്ദിഖ് സേഠിന്റെ ചെറുമക്കളുടെ അഭിഭാഷകന് വഖഫ് ട്രൈബ്യൂണലിനെ ഇന്നലെ അറിയിച്ചു.
മുനമ്പത്തെ ഭൂമി വഖഫാണെന്നും തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് വഖഫ് ബോര്‍ഡില്‍ ഹര്‍ജി നല്കിയ സിദ്ദിഖ് സേഠിന്റെ മകള്‍ സുബൈദ ബായിയുടെ മക്കളാണു മുന്‍ നിലപാടില്‍നിന്നു വ്യത്യസ്തമായുള്ള അഭിപ്രായം ട്രൈബ്യൂണലിനെ അറിയിച്ചത്.
അതേസമയം, സിദ്ദിഖ് സേഠിന്റെ രണ്ടുമക്കള്‍ മുനമ്പത്തെ ഭൂമി വഖഫാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. ആധാരത്തില്‍ രണ്ടുതവണ വഖഫ് എന്നു പരാമര്‍ശിച്ചതും ദൈവനാമത്തില്‍ സമര്‍പ്പിക്കുന്നതായി പറഞ്ഞതും ചൂണ്ടിക്കാണിച്ചു ഭൂമി വഖഫ് തന്നെയാണെന്നാണ് ഇവര്‍ കഴിഞ്ഞദിവസം വാദിച്ചത്.
മുമ്പത്തെ ഭൂമി വഖഫാണെന്നും തിരിച്ചുപിടിക്കണമെന്നും ആവശ്യപ്പെട്ട് സിദ്ദിഖ് സേഠിന്റെ മകള്‍ സുബൈദ ബായി 2008 ഏപ്രില്‍ 22ന് വഖഫ് ബോര്‍ഡില്‍ ഹര്‍ജി നല്‍കിയിരുന്നു.
ഫാറൂഖ് കോളജ് നല്ലരീതിയില്‍ മുനമ്പത്തെ ഭൂമി കൈകാര്യം ചെയ്തില്ലെന്നും അതിനാല്‍ പിതാവിന്റെ പേരില്‍ ട്രസ്റ്റ് രൂപവത്കരിച്ച് അത് പരിപാലിക്കാന്‍ താനും സേഹാദരങ്ങളും ആഗ്രഹിക്കുന്നുവെന്നും സുബൈദ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. ഈ ഹര്‍ജിയുടെ അടിസ്ഥാനത്തിലായിരുന്നു ഭൂമി വഖഫ് ബോര്‍ഡ് ഏറ്റെടുത്തത്.
ഈ ഏറ്റെടുക്കലിനെതിരേയാണു ഫാറൂഖ് കോളജ് വഖഫ് ട്രൈബ്യൂണലിനെ സമീപിച്ചത്. ഈ ഹര്‍ജിയിലെ വാദത്തിനിടെയാണ്, ആദ്യകേസില്‍ മുമ്പത്തേത് വഖഫ് ഭൂമിയാണെന്നു വാദിച്ച സുബൈദ ബായിയുടെ മക്കള്‍ നിലപാട് മാറ്റം ട്രൈബ്യൂണലിനെ അറിയിച്ചത്.