വനിതാ ടിടിഇയെ ആക്രമിച്ച യാത്രക്കാരന് അറസ്റ്റില്‍
Thursday, April 10, 2025 2:51 AM IST
കൊച്ചി: ട്രെയിനില്‍ വനിതാ ടിടിഇയെ ആക്രമിച്ച കേസില്‍ യാത്രക്കാരന് അറസ്റ്റില്‍. ആലപ്പുഴ ഹരിപ്പാട് സ്വദേശിയും മുന്‍ സൈനികനുമായ ഗോപകുമാര്‍ (45) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 30ന് നിലമ്പൂര്‍ റോഡ്- കോട്ടയം പാസഞ്ചര്‍ ട്രെയിനിലായിരുന്നു സംഭവം.
എറണാകുളത്ത് സെക്യൂരിറ്റി ജോലി ചെയ്യുന്ന ഗോപാലകൃഷ്ണന് ടിക്കറ്റില്ലാതെയാണു ട്രെയിനില്‍ യാത്ര ചെയ്തിരുന്നത്. പരിശോധനയ്ക്കിടെ ടിടിഇ പിടികൂടുകയും ഫൈന്‍ അടയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
ഇതില്‍ പ്രകോപിതനായ ഗോപാലകൃഷ്ണന് ടിടിഇയെ തള്ളി താഴെയിട്ട ശേഷം ഇവരുടെ ഫോണ്‍ നിലത്തിട്ടു ചവിട്ടി കേടുപാട് വരുത്തുകയും അസഭ്യം പറയുകയും ചെയ്തു. തുടര്‍ന്ന് ട്രെയിന്‍ വേഗത കുറച്ച സമയം ഇയാള്‍ ചാടി രക്ഷപ്പെട്ടു.
സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിയെ ചൊവ്വാഴ്ച കലൂരില്‍നിന്ന് എറണാകുളം സൗത്ത് റെയില്‍വേ പോലീസ് പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സ്ത്രീകളെ അപമാനിച്ചതടക്കം സമാനമായ കേസുകളില്‍ പ്രതിയാണ് ഇയാള്‍.