വീട്ടിലെ പ്രസവമരണങ്ങള്‍ തടയാന്‍ ശക്തമായ നിയമനിര്‍മാണം വേണം: കെജിഒഎംഎ
Thursday, April 10, 2025 2:51 AM IST
കൊച്ചി: വീട്ടിലെ പ്രസവങ്ങള്‍ മൂലമുണ്ടാകുന്ന മരണങ്ങള് തടയാന്‍ ശക്തമായ നിയമനിര്‍മാണം ആവശ്യമെന്ന് കെജിഒഎംഎ.
മലപ്പുറത്ത് വീട്ടില്‍ നടന്ന പ്രസവത്തില്‍ യുവതി മരിക്കാനിടയായ സാഹചര്യം സംബന്ധിച്ച് ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തുന്നതായി കെജിഒഎംഎ പ്രസിഡന്റ് ഡോ. പി.കെ. സുനില്‍, ജനറല്‍ സെക്രട്ടറി ഡോ.ജോബിന് ജി. ജോസഫ് എന്നിവര്‍ അറിയിച്ചു.
ഒരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത ചികിത്സാരീതികള്‍ക്ക് ആളുകള്‍ വിധേയരാകുന്നത് ഗൗരവത്തോടെ കാണണം. കൃത്യമായ വൈദ്യസഹായം ലഭിക്കുകയെന്നതും ആരോഗ്യത്തോടെ സമൂഹത്തില്‍ ജീവിക്കുകയെന്നതും ഓരോ കുഞ്ഞിന്റെയും അവകാശമാണ്.
ഈ അവകാശം നിഷേധിക്കുന്ന കുറ്റവാളികള്‍ക്കെതിരേ കര്‍ശന നടപടി ഉറപ്പാക്കുന്ന നിയമനിർമാണത്തിനായി അടിയന്തര ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
ആവശ്യമായ ഭൗതികസാഹചര്യങ്ങളും മാനവവിഭവശേഷിയും ഉറപ്പുവരുത്തി 24 മണിക്കൂറും ഗൈനക്കോളജിസ്റ്റ്, പീഡിയാട്രീഷ്യന്‍, അനസ്തേഷ്യോളജിസ്റ്റ് എന്നിവരുടെ സേവനം ലഭ്യമാകുന്ന ഡെലിവറി പോയിന്റുകള്‍ എല്ലാ ജില്ലകളിലും പ്രവര്‍ത്തിക്കുന്നെന്ന് ഉറപ്പാക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.