കെ.എം. മാണി സ്മൃതി സംഗമത്തിന് ആയിരങ്ങള്‍ ഒഴുകിയെത്തി
Thursday, April 10, 2025 2:51 AM IST
കോട്ടയം : കെ.എം. മാണിയുടെ ആറാം ചരമ വാര്‍ഷിക ദിനത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ ആഭിമുഖ്യത്തിൽ സ്മൃതിസംഗമം സംഘടിപ്പിച്ചു.
വേദി ഒഴിവാക്കി നടന്ന ചടങ്ങില്‍ കെ.എം. മാണിയുടെ ഛായാചിത്രത്തിന് മുന്നില്‍ കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ. മാണി എംപി, മന്ത്രി റോഷി അഗസ്റ്റിന്, വൈസ് ചെയര്മാന്മാരായ ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ്, തോമസ് ചാഴികാടന്, സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്, എംഎല്‍എമാരായ ജോബ് മൈക്കിള്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, നേതാക്കളായ ജോണി നെല്ലൂര്‍ , സണ്ണി തെക്കേടം, ജെന്നിംഗ്സ് ജേക്കബ്, കോട്ടയം ജില്ലാ പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യു തുടങ്ങിയ നേതാക്കള്‍ സന്നിഹിതരായിരുന്നു.
എല്‍ഡിഎഫ് നേതാക്കളായ സിപിഎം ജില്ലാ സെക്രട്ടറി ടി. ആര്. രഘുനാഥ്, സിപിഎ ജില്ലാ സെക്രട്ടറി വി. ബി. ബിനു, കെ. അനില്‍കുമാര്‍, ബാബു കെ. ജോര്‍ജ്, എം. വി. ജോര്‍ജ്, എം. ടി. കുര്യന്, രാജീവ് നെല്ലിക്കുന്നേല്‍, പി.കെ. ആനന്ദകുട്ടന് തുടങ്ങിയ നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തി.
രാവിലെ 9.30നു ചെയര്മാന് ജോസ് കെ. മാണി എംപി വിളക്ക് തെളിച്ചു പുഷ്പാര്‍ച്ചന നടത്തിയതോടെ ചടങ്ങുകള്‍ക്ക് തുടക്കമായി. തുടര്‍ന്ന് പാര്‍ട്ടി പ്രതിനിധികളും പ്രവര്‍ത്തകരും പുഷ്പാര്‍ച്ചന നടത്തി.
14 ജില്ലകളില്‍ നിന്നുള്ള നേതാക്കന്മാരും പ്രവര്‍ത്തകരുമടക്കം പതിനായിരത്തോളം പേരാണ് ചടങ്ങിന്റെ ഭാഗമായത്. രാവിലെ പാലാ സെന്റ് തോമസ് കത്തീഡ്രലില്‍ നടന്ന വിശുദ്ധ കുര്‍ബാനയില്‍ കെ.എം. മാണിയുടെ ഭാര്യ കുട്ടിയമ്മ അടക്കമുള്ള കുടുംബാംഗങ്ങളും മന്ത്രിമാരും എംഎല്‍എമാരും പാര്‍ട്ടി നേതാക്കളും പങ്കെടുത്തു.