കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ വെങ്കല പ്രതിമ ഗവര്‍ണര്‍ അനാച്ഛാദനം ചെയ്തു
Thursday, April 10, 2025 2:51 AM IST
കോട്ടയം: പുതുതലമുറയ്ക്ക് സാംസ്കാരിക മൂല്യങ്ങള്‍ പകര്‍ന്നു കൊടുക്കാനുള്ള ഉത്തരവാദിത്വം കുടുംബങ്ങള്‍ ഏറ്റെടുക്കണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. സാഹിത്യകാരനും സംസ്കൃത പണ്ഡിതനും ഐതിഹ്യമാലയുടെ രചയിതാവുമായ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ 170ാം ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വര്‍ത്തമാനകാലത്തെ ദുഷിച്ച പ്രവണതകളെ ഇല്ലാതാക്കാന്‍ വീടുകളില്‍ നിന്നു തന്നെ ശ്രമം ആരംഭിക്കണമെന്നും കുട്ടികളെ സാംസ്കാരവും ധാര്‍മികമൂല്യങ്ങളും പഠിപ്പിക്കാന്‍ കുടുംബങ്ങളില്‍ മുന്‍പുണ്ടായിരുന്ന കഥപറച്ചില്‍ രീതികള്‍ തിരികെ കൊണ്ടുവരണമെന്നും ഇത്തരം കഥകളിലൂടെ നമ്മുടെ സംസ്കാരമാണ് അടുത്ത തലമുറയിലേക്കു പകര്ന്നിരുന്നതെന്നുംകൊട്ടാരത്തില് ശങ്കുണ്ണിയേപ്പോലെയുള്ള സാഹിത്യ പ്രതിഭകളുടെ കഥപറയല്‍ രീതികള്‍ ഇന്നിന്റെ ആവശ്യമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ അധ്യക്ഷത വഹിച്ചു. കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, കെ. സുരേഷ് കുറുപ്പ്, എംജി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍, ജേക്കബ് മാത്യു, കൊട്ടരാത്തില്‍ ശങ്കുണ്ണി സ്മാരക ട്രസ്റ്റ് സെക്രട്ടറി വി. ശശിധര ശര്‍മ, പ്രസിഡന്റ് കെ.എന്‍. നാരായണന് ഉണ്ണി എന്നിവര്‍ പ്രസംഗിച്ചു.
സമ്മേളനത്തിനു മുന്നോടിയായി കോടിമതയില്‍ പള്ളിപ്പുറത്തുകാവ് ക്ഷേത്രത്തിനു മുന്നിലെ അരയാലിന് ചുവട്ടില്‍ സ്ഥാപിച്ച കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ വെങ്കല പ്രതിമയുടെ അനാച്ഛാദനവും ഗവര്‍ണര്‍ നിര്‍വഹിച്ചു.