സ്കൂളുകൾക്ക് ഒരു കോടി വീതം ലഭിക്കുന്ന പദ്ധതി മാറ്റിവച്ചു
Thursday, April 10, 2025 1:37 AM IST
തിരുവനന്തപുരം: സ്കൂളുകളുടെ അടിസ്ഥാനസൗകര്യ വികസനത്തിന് അടക്കം പൊതുവിദ്യാഭ്യാസ മേഖലയിൽ പണം അനുവദിക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ പിഎം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നതു സിപിഐ മന്ത്രിമാരുടെ എതിർപ്പിനെത്തുടർന്നു മാറ്റിവച്ചു.
ഇന്നലെ ചേർന്ന മന്ത്രിസഭയുടെ അജൻഡയിൽ പിഎം ശ്രീ പദ്ധതി നടപ്പാക്കൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും എൽഡിഎഫിൽ ചർച്ച ചെയ്തു നയപരമായ തീരുമാനം എടുത്തശേഷം നടപ്പാക്കുന്നതാണ് ഉചിതമെന്ന സിപിഐ മന്ത്രിമാരുടെ അഭിപ്രായത്തെത്തുടർന്നു വീണ്ടും മാറ്റിവയ്ക്കുകയായിരുന്നു.
കഴിഞ്ഞ വർഷം അവസാനത്തോടെയും പിഎംശ്രീ പദ്ധതി സംസ്ഥാനത്തു നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഫയൽ മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തിയിരുന്നു. അന്നും സിപിഐ മന്ത്രിമാരുടെ എതിർപ്പ് മൂലം മാറ്റിവച്ചിരുന്നു. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കേണ്ടിവരുമെന്ന വാദം ഉയർത്തിയാണ് സിപിഐ ഇതിനെ എതിർക്കുന്നത്.
വിദ്യാഭ്യാസത്തിൽ സ്വകാര്യവത്കരണവും വർഗീയവത്കരണവും പ്രോത്സാഹിപ്പിക്കുന്നതാണ് എൻഇപി എന്നാണ് ഇടതു സംഘടനകളുടെ വാദം.