അങ്ങാടിക്കുരുവി നിയമത്തിന്റെ കനിവ് തേടുന്നു
Thursday, April 10, 2025 1:37 AM IST
ബിജു പാരിക്കാപ്പള്ളി
ഉളിക്കൽ (കണ്ണൂർ): പൂട്ടിയവ്യാപാര സ്ഥാപനത്തിന്റെ ചില്ലുകൂട്ടിൽ കുടുങ്ങിയ അങ്ങാടിക്കുരുവിയെ ജീവിതത്തിലേക്കു പറത്തി വിടാൻ കോടതിതന്നെ ഇടപെടേണ്ടി വന്നേക്കും.
രണ്ടു ദിവസം മുന്പാണ് വ്യാപാരികൾ തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് കോടതി പൂട്ടിച്ച് സീൽ ചെയ്ത സ്ഥാപനത്തിലെ ഷട്ടറിനു മുന്നിലെ ചില്ലുകൂട്ടിൽ അങ്ങാടിക്കുരുവി കുടുങ്ങിയത്.
വംശനാശ ഭീഷണി നേരിടുന്ന പക്ഷികളുടെ പട്ടികയിലാണ് അങ്ങാടിക്കുരുവികൾ. ചില്ലുകൂട്ടിൽ നിന്ന് രക്ഷപ്പെടാനായി പറക്കുന്ന കുരുവി കൂട്ടിലിടിച്ച് വീഴുന്ന കാഴ്ച ദയനീയമാണ്.
സമീപത്തെ മറ്റു വ്യാപാരികളും ഓട്ടോറിക്ഷാ ഡ്രൈവർമാരും കുരുവിക്ക് ഭക്ഷണവും വെള്ളവും നൽകാൻ ശ്രമിക്കുന്നുണ്ടെങ്കിലും എത്രനാൾ കൂട്ടിനുള്ളിൽ കുരുവി ജീവനോടെയിരിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
രക്ഷാ പ്രവർത്തനത്തിനു നിയമം തടസം
കണ്ണാടിക്കൂട്ടിൽ അകപ്പെട്ട നിലയിൽ കുരുവിയെ കണ്ട പ്രദേശവാസിയായ മനോജ് എന്നയാൾ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചിരുന്നു. എന്നാൽ കോടതി സീൽ ചെയ്ത സ്ഥാപനത്തിൽ കടന്നു ചെല്ലുന്നതു നിയമവിരുദ്ധമായതിനാൽ അഗ്നിരക്ഷാ സേനയ്ക്ക് ഒന്നും ചെയ്യാനാകാത്ത അവസ്ഥയാണ്.
തുടർന്ന് കളക്ടറെ സമീപിച്ചെങ്കിലും കോടതി നിയമവശങ്ങൾ തടസമായി. വില്ലേജ് ഓഫീസർ സ്ഥലം സന്ദർശിച്ചെങ്കിലും ഉത്തവ് ലഭിക്കാതെ ഒന്നും ചെയ്യാനാകാത്തതിനാൽ മടങ്ങുകയായിരുന്നു. ഇന്ന് കളക്ടറുടെ ഉത്തരവ് ലഭിച്ചേക്കുമെന്നാണ് വിവരം.