വയനാട് ഉരുൾപൊട്ടൽ; തുക അനുവദിച്ച് ഉത്തരവായി
Thursday, April 10, 2025 1:37 AM IST
കൽപ്പറ്റ: മേപ്പാടി പുഞ്ചിരിമട്ടം ഉരുൾപൊട്ടലിൽ കൃഷിഭൂമി നശിച്ചവർക്ക് സഹായം നൽകുന്നതിനു തുക അനുവദിച്ച് സർക്കാർ ഉത്തരവായി.
കൃഷിഭൂമികളിൽ അടിഞ്ഞ മണ്ണും അവശിഷ്ടങ്ങളും നീക്കുന്നതിനു സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽനിന്നു 3,78,110 രൂപയാണ് അനുവദിച്ചത്.
ഈ തുക അനുവദിക്കുന്നതിന് ജില്ലാ കളക്ടർ സർക്കാരിന് മാർച്ച് 22ന് സർക്കാരിനു കത്ത് നൽകിയിരുന്നു. കൃഷിക്കാർക്ക് അനുവദിക്കേണ്ട തുക കണക്കാക്കി പ്രിൻസിപ്പൽ കൃഷി ഓഫീസർ റിപ്പോർട്ട് സമർപ്പിച്ച മുറയ്ക്കായിരുന്നു കളക്ടറുടെ കത്ത്.
നടപ്പുസാന്പത്തിക വർഷത്തെ ബജറ്റ് പ്രൊവിഷനിൽനിന്നാണു സംസ്ഥാന ദുരന്ത പ്രതികരണ നിധി മാനദണ്ഡപ്രകാരം തുക വിനിയോഗിക്കേണ്ടത്. തുക വിനിയോഗം സംബന്ധിച്ച വിവരം എൻഡിഎംഐഎസ് പോർട്ടലിൽ രേഖപ്പെടുത്തണം. വിനിയോഗ സർട്ടിഫിക്കറ്റ് സർക്കാരിന് ലഭ്യമാക്കണമെന്നും ഉത്തരവിൽ പറയുന്നു.