കോടതി ബഹിഷ്കരിച്ച് അഭിഭാഷകര്‍; പ്രവര്‍ത്തനം ഭാഗികമായി തടസപ്പെട്ടു
Thursday, April 10, 2025 1:37 AM IST
കൊച്ചി: കോടതി ഫീസ് വര്‍ധനയ്ക്കെതിരേ കോടതി ബഹിഷ്കരിച്ച് അഭിഭാഷകര്‍. ഫീസ് വര്‍ധനയ്ക്കെതിരേ ഇന്നലെ കോടതി ബഹിഷ്കരിക്കുന്നതായി വ്യക്തമാക്കി ഹൈക്കോടതി അഭിഭാഷക അസോസിയേഷന് ചീഫ് ജസ്റ്റീസിന് കത്ത് നല്‍കിയിരുന്നു.
അഭിഭാഷകര്‍ ഹാജരാകാതിരുന്നതിനെത്തുടര്‍ന്ന് ഹൈക്കോടതിയുടെ പ്രവര്‍ത്തനം ഇന്നലെ ഭാഗികമായി തടസപ്പെട്ടു. അഭിഭാഷകര്‍ ഹാജരാകാതിരുന്ന കേസുകള്‍ ജസ്റ്റീസുമാരായ ഡോ.എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, എസ്.ഈശ്വരന് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് തള്ളി.
എന്നാല്‍, ഒരു മാസത്തിനുള്ളില്‍ മതിയായ കാരണം കാണിച്ച് കേസുകള്‍ പുനഃസ്ഥാപിക്കാന്‍ വ്യവഹാരികള്‍ക്കു ഹൈക്കോടതിയെ സമീപിക്കാവുന്നതാണെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ ഫീസ് വര്‍ധിപ്പിച്ചതില്‍ കോടതി ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തതു നിയമവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച പൊതുതാത്പര്യ ഹര്‍ജി ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിന്റെ പരിഗണനയിലാണ്.
കോടതി ബഹിഷ്കരണം അറിയിച്ച് ഹൈക്കോടതി അഭിഭാഷക അസോസിയേഷന് നല്കിയ കത്തിന്റെ ഉള്ളടക്കം അരോചകമാണെന്നും കോടതി വിമര്‍ശിച്ചു.