ഒടുവിൽ ‘തൊണ്ടിമുതൽ’ പുറത്തുവന്നു, പോലീസിനും കള്ളനും ആശ്വാസം
Thursday, April 10, 2025 1:37 AM IST
പാലക്കാട്: ആലത്തൂരിൽ മാലവിഴുങ്ങിയ കള്ളനിൽനിന്ന് ഒടുവിൽ തൊണ്ടിമുതൽ പുറത്തുവന്നു. കള്ളൻ മാലവിഴുങ്ങിയതിന്റെ മൂന്നാംനാൾ. അതുവരെ മാല വിഴുങ്ങിയ കള്ളന്റെ വയറിളകുന്നതുംകാത്ത് പോലീസ് കാവൽനിന്നു. ഇന്നലെ വൈകുന്നേരം നാലോടെയാണ് മാല പുറത്തുവന്നത്.
സ്വർണമാല മോഷ്ടിച്ചശേഷം വിഴുങ്ങിയ കള്ളനെ കൈയോടെ പിടികൂടിയെങ്കിലും തൊണ്ടിമുതൽ പുറത്തുവരാൻ കാത്തിരിക്കുകയായിരുന്നു ആലത്തൂർ പോലീസ്. മേലാർകോട് ഉത്സവത്തിനിടെ ഞായറാഴ്ചയായിരുന്നു സംഭവം.
പട്ടഞ്ചേരി സ്വദേശി വിനോദിന്റെ മകളായ രണ്ടരവയസുകാരിയുടെ മാലയാണു മധുര സ്വദേശി മുത്തപ്പൻ മോഷ്ടിച്ചത്.
നാട്ടുകാർ കൈയോടെ പിടികൂടിയതോടെ മുത്തപ്പൻ മുക്കാൽപവൻ തൂക്കമുള്ള മാല വിഴുങ്ങി. ചോദ്യംചെയ്യലിൽ മോഷ്ടിച്ചില്ലെന്നു കള്ളംപറഞ്ഞു. എക്സ്റേ എടുത്തതോടെ വയറ്റിൽ മാല തെളിഞ്ഞു.
പിന്നാലെ റിമാൻഡ് ചെയ്ത പ്രതിയെ തൊണ്ടിമുതൽ കിട്ടാനായി ആശുപത്രിയിലേക്കു മാറ്റി. ദിവസേന കിലോക്കണക്കിനു പൂവൻപഴവും റോബസ്റ്റയും നൽകിയിട്ടും തൊണ്ടിമുതൽ പുറത്തേക്കു വന്നില്ല. തൊണ്ടി പുറത്തുവന്നില്ലെങ്കിൽ എൻഡോസ്കോപ്പിയിലൂടെ പുറത്തെടുക്കാൻ തീരുമാനിച്ചിരിക്കെയാണ് ഇന്നലെ മാല പുറത്തുവന്നത്.
മോഷണംപോയ മാലയാണെന്ന് ഉടമയെ കാണിച്ച് ഉറപ്പുവരുത്തി. തൊണ്ടിക്കായുള്ള കാത്തിരിപ്പ് അവസാനിച്ചെങ്കിലും മാല തിരികെ കിട്ടാൻ കോടതിനടപടി കഴിയുംവരെ രണ്ടുവയസുകാരിക്കും കുടുംബത്തിനും കാത്തിരിക്കേണ്ടിവരും.