രണ്ടു കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് ; മുഖ്യപ്രതി സുൽത്താൻ അക്ബർ അലി പിടിയിൽ
Thursday, April 10, 2025 1:37 AM IST
ആലപ്പുഴ: ജില്ലയിലെ ഓമനപ്പുഴ മാരാരി ഗാർഡനിൽ നിന്ന് രണ്ടു കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ.
ചെന്നൈ, എണ്ണൂർ സത്യവാണി മുത്ത് നഗർ സ്വദേശി സുൽത്താൻ അക്ബർ അലി (43)യാണ് അറസ്റ്റിലായത്. ആലപ്പുഴ എക്സൈസ് അസി കമ്മീഷ്ണർ അശോക് കുമാറും പാർട്ടിയുമാണ് ഇന്നലെ രാവിലെ തമിഴ്നാട്, ആന്ധ്ര അതിർത്തിയിൽനിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതി തസ്ലീമ സുൽത്താന്റെ ഭർത്താവാണ് അറസ്റ്റിലായ സുൽത്താൻ അക്ബർ അലി.
അന്വേഷണ ഉദ്യോഗസ്ഥർ ഇയാളെക്കുറിച്ച് രഹസ്യമായി അന്വേഷണം നടത്തിയതിൽ മൊബൈൽ കടകൾക്ക് സെക്കൻഡ് ഹാൻഡ് മൊബൈലും മറ്റ് ഉപകരണങ്ങളും സപ്ലൈ ചെയ്യുന്ന ജോലിയാണെന്നും ഇത് ഇയാൾ വാങ്ങുന്നതിനായി സിംഗപ്പുർ, തായ്ലൻഡ്, മലേഷ്യ എന്നീ രാജ്യങ്ങളിൽ പോകാറുണ്ടെന്നും മനസിലാക്കി.
ഇതിന്റെ മറവിലാണ് ഇയാൾ ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത്. തെളിവിന്റെ ഭാഗമായി ഇയാളുടെ പാസ്പോർട്ട് അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തു. ചെന്നൈ എണ്ണൂരിലുള്ള വാടക വീട്ടിൽ നിന്നാണ് അന്വേഷണ സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്.