കണ്‍സ്യൂമര്‍ ഫെഡ് വിഷു, ഈസ്റ്റര്‍ സഹകരണ വിപണി 12 മുതല്‍
Thursday, April 10, 2025 1:37 AM IST
കൊച്ചി: കണ്‍സ്യൂമര്‍ ഫെഡ് വിഷു- ഈസ്റ്റര്‍ സഹകരണ വിപണി 12 മുതല്‍ 21 വരെ നടക്കും. സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 11ന് തിരുവനന്തപുരം സ്റ്റാച്യുവില്‍ നടക്കും. മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും. ആദ്യവില്പന മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും.
ആന്റണി രാജു എംഎല്‍എ അധ്യക്ഷത വഹിക്കും. 12 മുതല്‍ 21 വരെ ജില്ലാ ഫെയറുകളും പ്രാദേശിക ചന്തകളും നടക്കും. സംസ്ഥാനതല ചന്തയില്‍ 300 പേര്‍ക്കും ജില്ലാതല ചന്തകളില്‍ 150 പേര്‍ക്കും മറ്റു ചന്തകളില്‍ 75 പേര്‍ക്കും പ്രതിദിനം സബ്സിഡി സാധനങ്ങള്‍ വിതരണം ചെയ്യും.
സംസ്ഥാനത്ത് 170 ചന്തകളാണുള്ളത്. 17 കോടി രൂപയുടെ സബ്സിഡി ഇനങ്ങളുടെയും 33 കോടി രൂപയുടെ നോണ്‍ സബ്സിഡി സാധനങ്ങളുടെയും വില്പനയാണു നടക്കുക.
പൊതുമാര്‍ക്കറ്റിനേക്കാള്‍ 40 ശതമാനം വിലക്കുറവില്‍ സർക്കാര്‍ സബ്സിഡിയോടെ 13 ഇനങ്ങളും സബ്സിഡി ഇല്ലാത്ത നിത്യോപയോഗ സാധനങ്ങള്‍ പൊതുമാര്‍ക്കറ്റിനേക്കാള്‍ 10 മുതല്‍ 35 ശതമാനം വരെ വിലക്കുറവിലും വില്‍ക്കുമെന്ന് ചെയര്മാന് പി.എം. ഇസ്മയില്‍, മാനേജിംഗ് ഡയറക്ടര്‍ എം. സലിം എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.