കണ്ണൂർ വിസി കേസിൽ സർവകലാശാലയും സർക്കാരും മുടക്കിയത് നാലല്ല, 68 ലക്ഷം
Thursday, April 10, 2025 1:37 AM IST
കണ്ണൂർ: കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ കേസിൽ സർവകലാശാലാ ഫണ്ടിൽനിന്നു ചെലവായ തുക തിരിച്ചടച്ചു എന്നുള്ള സർവകലാശാലയുടെ വാദഗതി തെറ്റിദ്ധരിപ്പിക്കുന്നതെന്നു കണ്ണൂർ സർവകലാശാലാ യുഡിഎഫ് സെനറ്റേഴ്സ് ഫോറം.
കേസിൽ സർക്കാരും സർവകലാശാലയും ചെലവാക്കിയത് 68 ലക്ഷത്തോളം രൂപയാണെന്നു മന്ത്രി ആർ. ബിന്ദു 2024 ജൂണിൽ നിയമസഭയിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
30 ലക്ഷത്തോളം രൂപ സർവകലാശാലയും 38 ലക്ഷത്തോളം രൂപ സർക്കാരും ചെലവഴിച്ചു എന്നാണ് രേഖ.
എന്നാൽ, നാലു ലക്ഷം രൂപ ഗോപിനാഥ് രവീന്ദ്രൻ തിരിച്ചടച്ചു എന്നുള്ള വാദഗതി, അദ്ദേഹത്തിനുവേണ്ടി ചെലവായ മുഴുവൻ തുകയും തിരിച്ചടച്ചു എന്ന പ്രതീതി സൃഷ്ടിക്കാൻ സർവകലാശാല ഉപയോഗിക്കുന്നതായി യുഡിഎഫ് സെനറ്റ് അംഗങ്ങൾ അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട്, ഗവർണർ നൽകിയ കാരണം കാണിക്കൽ നോട്ടീസ് നേരിടാൻ ‘തന്റെ കേസ് സുപ്രീംകോടതിയുടെ പരിഗണനയിൽ ആയതിനാൽ ബാധിക്കുന്നതല്ല’ എന്ന നിലപാടുമായി ഗോപിനാഥ് രവീന്ദ്രൻ ഹൈക്കോടതിയെ സമീപിച്ച ഇനത്തിൽ ചിലവായ തുക മാത്രമാണു നാലു ലക്ഷം രൂപ.
എന്നിരിക്കെ അദ്ദേഹത്തിന്റെ പുനർ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലടക്കം സർക്കാരും സർവകലാശാലയും ചെലവാക്കിയ തുക പൂർണമായും തിരിച്ചടച്ചു എന്നുള്ള തെറ്റിദ്ധാരണ സർവകലാശാലാ കേന്ദ്രങ്ങൾ മനഃപൂർവം സൃഷ്ടിക്കുകയാണ്.
സർക്കാരും സർവകലാശാലയും പ്രസ്തുത കേസിൽ ചെലവാക്കിയ തുക പൂർണമായും ഗോപിനാഥ് രവീന്ദ്രൻ തിരിച്ചടച്ചില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് സെനറ്റേഴ്സ് ഫോറം കൺവീനർ ഡോ.ഷിനോ പി. ജോസ് അറിയിച്ചു.