ഷാജി എൻ. കരുണ്‍ അന്തരിച്ചു
Tuesday, April 29, 2025 3:03 AM IST
തിരുവനന്തപുരം: മലയാളസിനിമയ്ക്ക് ദൃശ്യഭാഷയുടെ പുതുപ്പിറവി സമ്മാനിച്ച വിഖ്യാത സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ. കരുണ്‍ (73) അന്തരിച്ചു.
ഇന്നലെ വൈകുന്നേരം അഞ്ചോടെ വഴുതക്കാട് ഉദാരശിരോമണി റോഡിലെ വസതിയായ ’പിറവി’യിലായിരുന്നു അന്ത്യം. ഭൗതിക ദേഹം ഇന്നു രാവിലെ 10 മുതൽ 12 വരെ കലാഭവൻ തിയറ്ററിൽ പൊതുദർശനത്തിനു വയ്ക്കും. വൈകുന്നേരം നാലിന് തൈക്കാട് ശാന്തികവാടത്തിൽ സംസ്കാരം നടക്കും.
അർബുദബാധിതനായതിനെത്തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാനായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. മലയാളസിനിമയുടെ വളർച്ചയ്ക്കായി ഇനിയുമേറെ ചെയ്യാനുണ്ടെന്ന് തുറന്നുപറഞ്ഞും അതിനുവേണ്ടിയുള്ള പ്രവർത്തനങ്ങളിൽ മുഴുകിയും കർമനിരതനായിരിക്കവേയാണ് രോഗത്തിന്റെ പിടിമുറുക്കലും അതേത്തുടർന്നുള്ള ഷാജി എൻ. കരുണിന്റെ അപ്രതീക്ഷിത വിയോഗവും.
2011 ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ച ഷാജി എൻ. കരുണിന് സിനിമ മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ പരമോന്നത പുരസ്കാരമായ ജെ.സി. ഡാനിയേൽ പുരസ്കാരം ദിവങ്ങൾക്കു മുൻപ് സമ്മാനിച്ചിരുന്നു. മലയാളസിനിമയെ ദേശീയ, അന്തർദേശീയ ഭൂപടങ്ങളിൽ അടയാളപ്പെടുത്തിയ കാന്പും കരുത്തുമുള്ള സിനിമകൾക്കു പിന്നിൽ പ്രവർത്തിച്ച ചലച്ചിത്ര പ്രതിഭയെയാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ കേരളത്തിനു നഷ്ടമായത്.
ജി. അരവിന്ദൻ, കെ.ജി. ജോർജ്, എം.ടി. വാസുദേവൻ നായർ തുടങ്ങിയവർക്കൊപ്പം പ്രവർത്തിച്ച അദ്ദേഹം നാൽപതോളം സിനിമകൾക്കായി ക്യാമറ ചലിപ്പിച്ചു. അരവിന്ദൻ സിനിമകൾക്കുവേണ്ടി പകർത്തിയ അവിസ്മരണീയ ഫ്രെയിമുകളിലൂടെ അദ്ദേഹം തുടക്കകാലത്തുതന്നെ ദേശീയ അന്തർദേശീയ ശ്രദ്ധനേടി. കാഞ്ചനസീത, തന്പ്, കുമ്മാട്ടി, എസ്തപ്പാൻ, പോക്കുവെയിൽ, ചിദംബരം, ഒരിടത്ത് തുടങ്ങിയ അരവിന്ദൻ ചിത്രങ്ങളുടെ ഛായാഗ്രഹണം നിർവഹിച്ച അദ്ദേഹം, മികച്ച ഛായാഗ്രാഹകനെന്ന നിലയിൽ ദേശീയ അവാർഡും മൂന്ന് സംസ്ഥാന അവാർഡുകളും സ്വന്തമാക്കി.
1988ൽ "പിറവി’ എന്ന ചലച്ചിത്രത്തിലൂടെയാണ് സംവിധാന രംഗത്തേക്കു കടന്നുവന്നത്. 1989 ലെ കാൻ ചലച്ചിത്രമേളയിൽ ചിത്രം പ്രത്യേക പരാമർശം നേടി. രണ്ടാമത്തെ ചിത്രമായ "സ്വം' കാൻ ഫെസ്റ്റിവലിലെ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ഏക മലയാള ചിത്രമായി.
1999ൽ പുറത്തിറങ്ങിയ "വാനപ്രസ്ഥവും' കാനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ കാൻ ചലച്ചിത്രമേളയുടെ ഔദ്യോഗിക വിഭാഗത്തിലേക്ക് തുടർച്ചയായ മൂന്നു സിനിമകൾ തെരഞ്ഞെടുക്കപ്പെട്ട ലോകസിനിമയിലെതന്നെ അപൂർവം സംവിധായകരിലൊരാളായി ഷാജി എൻ. കരുണ്‍ ഖ്യാതി നേടി.
കുട്ടിസ്രാങ്ക്, സ്വപാനം, നിഷാദ്, ഓള് എന്നിവയാണ് ശ്രദ്ധേയമായ മറ്റു സിനിമകൾ. ചലച്ചിത്ര ജീവിതത്തിൽ ഏഴ് ദേശീയ പുരസ്കാരങ്ങളും ഏഴ് സംസ്ഥാന പുരസ്കാരങ്ങളും നേടിയ ഷാജി എൻ. കരുണ്‍ സംവിധാനം ചെയ്ത സിനിമകളെല്ലാം ദേശീയ അന്തർദേശീയ തലത്തിൽ ശ്രദ്ധ നേടുകയും ചെയ്തു.
1952ലെ പുതുവത്സരദിനത്തിൽ കൊല്ലം പെരിനാടിനു സമീപം കണ്ടച്ചിറയിൽ കരുണാകരന്റെയും ചന്ദ്രമതിയുടെയും മൂത്ത മകനായാണ് ഷാജി നീലകണ്ഠൻ കരുണാകരൻ എന്ന ഷാജി എൻ. കരുണിന്റെ ജനനം. 1963ൽ കുടുംബം തിരുവനന്തപുരത്തേക്ക് താമസം മാറ്റി. പാൽക്കുളങ്ങര ഹൈസ്കൂളിൽനിന്നു സ്കൂൾ പഠനം പൂർത്തിയാക്കിയ അദ്ദേഹം യൂണിവേഴ്സിറ്റി കോളജിൽനിന്നു ബിരുദം നേടി. തുടർന്ന് 1971ൽ പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം. ഛായാഗ്രഹണമാണ് പഠനമേഖലയായി തെരഞ്ഞെടുത്തത്. 1974ൽ പ്രസിഡന്റിന്റെ സ്വർണമെഡലോടെ സിനിമാ പഠനം പൂർത്തിയാക്കി.
1975ൽ കേരള സംസ്ഥാന ചലച്ചിത്ര കോർപറേഷൻ രൂപീകരിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഷാജി എൻ. കരുണ്‍ 1976ൽ കെഎസ്എഫ്ഡിസിയിൽ ഫിലിം ഓഫീസറായി ചുമതലയേറ്റു. 1998ൽ രൂപംകൊണ്ട സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പ്രഥമ ചെയർമാനുമായി. അദ്ദേഹം ചെയർമാനായിരുന്ന കാലത്താണ് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മത്സരവിഭാഗം ആരംഭിച്ചത്.
1975ൽ ഡോ. പി.കെ.ആർ. വാര്യരുടെ മകൾ അനസൂയ വാര്യരെ വിവാഹം കഴിച്ചു. മക്കൾ: അനിൽ (ഐസർ, തിരുവനന്തപുരം), അപ്പു (ജർമനി). മരുമക്കൾ: ഡോ. നീലിമ (സെക്കോളജിസ്റ്റ്, ഐസർ), ശീതൾ (സൈബർ സ്പെഷലിസ്റ്റ്, ജർമനി).