വ്യാജ ബോംബ് ഭീഷണിയില്‍ വലഞ്ഞ് പോലീസ്
Tuesday, April 29, 2025 2:51 AM IST
തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം അടുത്തിരിക്കേ സംസ്ഥാനത്ത് വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങള്‍ തുടരുന്നു. രാജ്ഭവന്, മുഖ്യമന്ത്രിയുടെ സെക്രട്ടേറിയറ്റിലെ ഓഫീസ്, ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ്, നെടുമ്പാശേരി വിമാനത്താവളം, ഗതാഗത കമ്മീഷണറുടെ ഓഫീസ് തുടങ്ങി അഞ്ച് സ്ഥലങ്ങളിലാണ് ഇന്നലെ ബോംബ് ഭീഷണിയുണ്ടായത്.
തിരുവനന്തപുരത്ത് ഉച്ചയ്ക്ക് രണ്ടിനും നെടുമ്പാശേരിയില്‍ 2.30നും സ്ഫോടനം നടക്കും എന്നായിരുന്നു സന്ദേശം. ബോംബ് സ്ക്വാഡും പോലീസും മൂന്നു മണിക്കൂറോളം പരിശോധന നടത്തി ബോംബ് ഭീഷണി വ്യാജമെന്നു കണ്ടെത്തി. ഭീഷണി സന്ദേശമെത്തുമ്പോള്‍ മുഖ്യമന്ത്രി, സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുമായി ബന്ധപ്പെട്ട് ഇടുക്കിയിലും ഗവര്‍ണര്‍ കോട്ടയത്തും പരിപാടികളില്‍ പങ്കെടുക്കുകയായിരുന്നു.
ഇന്നലെ രാവിലെയോടെയാണ് ധനകാര്യസെക്രട്ടറിയുടെ ഇ മെയിലിലേക്ക് ബോംബ് ഭീഷണി സന്ദേശമെത്തിയത്. സെക്രട്ടേറിയറ്റില്‍ നോര്‍ത്ത് ബ്ലോക്കിലെ ഓഫീസിലും ഔദ്യോഗിക വസതിയായ നന്തന്‍കോട് ക്ലിഫ് ഹൗസിലും ഐഇഡി സ്ഫോടനം നടത്തുമെന്നാണ് ഇ-മെയിലിലുണ്ടായിരുന്നത്. ലഹരിക്കെതിരെ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളില്‍ പ്രതിഷേധിച്ച് ബോംബ് വയ്ക്കുമെന്നാണ് സന്ദേശത്തിലുണ്ടായിരുന്നത്.
രാജ്ഭവനിലും ഗതാഗത കമ്മിഷണറുടെ ഓഫീസിലും, നെടുമ്പാശേരി വിമാനത്താവളത്തിലും ലഭിച്ച ഭീഷണി സന്ദേശത്തിലും സമാനമായ സന്ദേശങ്ങളാണ് ഉണ്ടായിരുന്നത്. മദ്രാസ് ടൈഗേഴ്സ് - ദി റെസിസ്റ്റന്‍സ് ഫ്രണ്ട് എന്ന സംഘടനയുടെ പേരില്‍ അബ്ദുള്‍ അരുളപ്പഡോസ് എന്ന മെയിലില്‍ നിന്നാണ് ഇ-മെയില്‍ അയച്ചിരിക്കുന്നത്. ഇത് വ്യാജ ഇ-മെയില്‍ വിലാസമാണെന്നാണ് പോലീസിന്റെ നിഗമനം.
ഇ-മെയിലിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. മൂന്നു ദിവസത്തിനിടെ വ്യാജ ബോംബ് ഭീഷണി സംബന്ധിച്ച് 10 കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്. ഭീഷണിയെ തുടര്‍ന്ന് സെക്രട്ടേറിയറ്റില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഭീഷണി സന്ദേശം ലഭിച്ച എല്ലായിടത്തും പോലീസിന്റെയും ബോംബ് സ്ക്വാഡിന്റെയും നേതൃത്വത്തില്‍ പരിശോധനകള്‍ നടത്തി.
രാജ്ഭവനില്‍ അടക്കമുണ്ടായ ബോംബ് ഭീഷണിയെക്കുറിച്ച് സൈബര്‍ വിഭാഗം എസ്പി അങ്കിത് അശോകന് അന്വേഷിക്കുന്നതിനു അഭ്യന്തര വകുപ്പ് നിര്‍ദേശം നല്കി.
ഫോറന്‍സിക് വിദഗ്ധരെയും സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം മൂന്നു ദിവസത്തിനിടെ 12 വ്യാജ ബോംബ് ഭീഷണികളാണ് ഇതുവരെ ഉണ്ടായത്. എട്ടു മാസത്തിനിടെ നഗരത്തിലെ 20 സ്ഥാപനങ്ങള്‍ക്ക് നേരെയാണ് ബോംബ് ഭീഷണി ഉണ്ടായത്.
വ്യാജ ഭീഷണി സന്ദേശമെത്തുന്ന ഇ-മെയിലുകളുടെ ഉറവിടം സംബന്ധിച്ച മൈക്രോസോഫ്റ്റ് ലഭ്യമാക്കാത്തതും അന്വേഷണത്തിനു തടസമാകുന്നുണ്ട്. വിവരങ്ങള്‍ കൈമാറാത്ത പക്ഷം നിയമനടപടി സ്വീകരിക്കുമെന്ന് മൈക്രോസോഫ്റ്റിന് പോലീസ് മുന്നറിയിപ്പ് നല്കി.
മെയിലിന്റെ വിപിഎന്‍ വിലാസം കണ്ടെത്താന്‍ മൈക്രോസോഫ്റ്റിന് സൈബര്‍ ക്രൈം പോലീസ് പലതവണ മെയില്‍ അയച്ചെങ്കിലും വിവരങ്ങള്‍ നല്‍കാനാവില്ലെന്ന മറുപടിയാണ് ലഭിച്ചത്.